വാടാനംകുറിശി മേൽപ്പാലം നിർമാണം ഒച്ചിഴയുംപോലെ!
1493127
Tuesday, January 7, 2025 1:32 AM IST
ഷൊർണൂർ: വാടാനംകുറിശ്ശി മേൽപ്പാല നിർമാണത്തിന് ഒച്ചിഴയും വേഗം. കുളപ്പുള്ളി- പട്ടാമ്പി റോഡിൽ നിർമാണം നടക്കുന്ന മേൽപ്പാല നിർമാണം അനന്തമായി നീളുന്ന സ്ഥിതിയാണ്. നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ലൈനിനുമുകളിലെ ഗർഡറുകൾ സ്ഥാപിക്കുന്നപണി നേരത്തേ തുടങ്ങിയിരുന്നു. ഇനി അനുബന്ധറോഡുകളുടെ പണികൂടി നടക്കണം. വാടാനാംകുറിശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ ട്രാക്കിനുമുകളിൽവരുന്ന ഭാഗത്തെ പണി വൈകിയിരുന്നു. ഈ ഭാഗത്തെ നിർമാണം റെയിൽവേ നേരിട്ടാണു ചെയ്തത്. ഇതിന്റെ കരാർനടപടികളടക്കം വൈകിയത്ു പദ്ധതിയെ ബാധിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് മറ്റുഭാഗത്തെ നിർമാണച്ചുമതല.
നിർമാണോദ്ഘാടനസമയത്ത് ഒരുവർഷത്തിനകം മേൽപ്പാലം നിർമാണം പൂർത്തീകരിച്ച് യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും പാലംനിർമാണം പൂർത്തിയായില്ല.
കോവിഡടക്കം തടസമായി. പിന്നീട് റെയിൽവേ അനുമതിലഭിക്കുന്നതിലുള്ള താമസവും പ്രശ്നമായി. പാലക്കാട്- പൊന്നാനി പാതയിൽ വാഹനഗതാഗതത്തിനു തടസമായാണ് വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റുള്ളത്. ഗേറ്റ് അടയ്ക്കുന്പോൾ ആംബുലൻസടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കും. ഇതേത്തുടർന്നാണ് മേൽപ്പാലംനിർമിക്കാൻ പദ്ധതി തയാറാക്കിയത്. 2016-ൽ കിഫ്ബി അനുമതിലഭിച്ചു. അതേസമയം, അപ്രോച്ച്റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മുഹമ്മദ്മുഹ്സിൻ എംഎൽഎ അറിയിച്ചു.