മൂവായിരത്തിലധികം പേർക്ക് വീട് നിർമിച്ചു നൽകാൻ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്
1493556
Wednesday, January 8, 2025 7:19 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 3041 കുടുംബങ്ങൾക്ക് വീട് നൽകാൻ ഭരണസമിതി തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടു പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3041 പേർക്കാണ് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നത്.
പിഎംഎവൈ പദ്ധതിയിൽ വീടിന് അർഹത ലഭിച്ച ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. അലനല്ലൂർ പഞ്ചായത്തിലെ 250 ഗുണഭോക്താക്കളുടേയും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഗുണഭോക്താക്കളുടെയും സംഗമമാണ് നടത്തിയത്.
തച്ചനാട്ടുകര, കോട്ടോപ്പാടം, തച്ചമ്പാറ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളുടെ സംഗമവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കുമരംപുത്തൂർ, തെങ്കര പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ സംഗമം നാളെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ചെറൂട്ടി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി. അജിതകുമാരി, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, ഭരണസമിതി അംഗങ്ങളായ ഷാനവാസ്, വി. അബ്ദുൾ സലിം, പടുവിൽ കുഞ്ഞുമുഹമ്മദ്, മണികണ്ഠൻ വടശേരി, ആയിഷ ബാനു കാപ്പിൽ, ജോയിന്റ് ബിഡിഒ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.