പൊങ്കൽ ആഘോഷത്തിനൊരുങ്ങി തമിഴ് കുടുംബങ്ങൾ
1492898
Monday, January 6, 2025 1:41 AM IST
കൊഴിഞ്ഞാമ്പാറ: ചിറ്റൂർ താലൂക്ക് കിഴക്കൻമേഖലയിൽ തമിഴ് കുടുംബങ്ങൾ തൈപ്പൊങ്കൽ ആഘോഷത്തിനു ഒരുങ്ങുന്നു. ഉത്സവത്തിന്റെ തുടക്കം 13 ന് വീടുകളിൽ കാപ്പുകെട്ടൽ ചടങ്ങോടെയാണ്.
വീടുകളിൽ അടിഞ്ഞു കൂടിയ മാലിന്യംനീക്കി വെള്ളപൂശി ശുചീകരിച്ചു അലങ്കരിക്കും. ഇതിനായി വീട്ടിലുള്ള സ്ത്രീകൾ വ്രതാനുഷ്ഠാനങ്ങളും ആചരിക്കാറുണ്ട്. ശുചീകരിച്ച വീടിന്റെ നാലു വശത്തും മാവോല , തുളസിയില ചേർത്ത് തോരണമുണ്ടാക്കി കെട്ടും.
14 നാണ് വീട്ടുപൊങ്കൽ. വീട്ടുകാരെല്ലാം പുതുവസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി പൊങ്കൽ വയ്പ്പിനായി വീടിനു മുൻഭാഗത്തു അടുപ്പൊരുക്കും. എല്ലാ വർഷവും പുതിയ പാത്രങ്ങളിലാണു പൊങ്കൽവയ്പ്പ്.
പുലർച്ചെ സൂര്യനു അഭിമുഖമായി പാൽ കാച്ചി പിന്നീട് ശർക്കരപൊങ്കൽ വയ്ക്കും. തെക്കു കിഴക്കു ഭാഗത്തായി പൊങ്കൽ കവിഞ്ഞൊഴുകിയാൽ അടുത്ത ഒരുവർഷത്തേക്ക് കുടുംബത്തിൽ ഐശ്വര്യമുണ്ടാവുമെന്നതാണ് സങ്കല്പം. കാർഷികവൃത്തിക്ക് സഹായിച്ച നാൽക്കാലികളുടെ ദീർഘായുസിനും ആരോഗ്യത്തിനുമായി 15ന് മാട്ടുപ്പൊങ്കൽ ആചരിക്കും. വയലുകളിലോ കറ്റക്കളങ്ങളിലോ ആണ് ഇതു നടക്കുക. കൊന്പുകളിൽ ചായംതേച്ച് നെറ്റിയിൽ കുറിതൊട്ട് കന്നുകാലികളെ അലങ്കരിക്കുന്നതോടെയാണ് മാട്ടുപ്പൊങ്കലിനു തുടക്കമാകുക.
പൂജകൾക്കുശേഷം കരിന്പ്, ശർക്കര, പഴം ഉൾപ്പെടെയുള്ളവ കാലികൾക്കു നൽകും. 16ന് പൂപ്പൊങ്കൽ ദിനത്തിൽ വീടുകളിൽ മധുരപലഹാരമുണ്ടാക്കി പരിസരവാസികൾക്കെല്ലാം നൽകും. ഇതോടെ നാലുദിവസം നീണ്ടുനിൽക്കുന്ന പൊങ്കൽ ആഘോഷങ്ങൾക്കു സമാപനമാകും.