പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ; ജില്ലയിൽ 23,22,579 വോട്ടർമാർ
1493561
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025 ന്റെ ഭാഗമായി ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 10,142 പുതിയ വോട്ടർമാരുൾപ്പെടെ 23,22,579 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. 11,33,985 പുരുഷന്മാരും 11,88,571 സ്ത്രീകളും 23 ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പടെയാണിത്.
ഇതിൽ 24,555 പേർ യുവ വോട്ടർമാരാണ്. മരണപ്പെട്ടതും താമസം മാറിയതും ഉൾപ്പെടെ 15,468 വോട്ടർമാരാണ് വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലന്പുഴ മണ്ഡലത്തിലാണ്. 2,13,516 പേർ. ഏറ്റവും കുറവ് തരൂർ മണ്ഡലത്തിലാണ്. 1,70,295 പേരാണ് ഇവിടെ വോട്ടർമാരായുള്ളത്.
24 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചതുൾപ്പെടെ ജില്ലയിൽ 2,132 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. മുന്പ് 2108 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. തൃത്താല മണ്ഡലത്തിൽ 13 ഉം പട്ടാന്പി മണ്ഡലത്തിൽ 10 ഉം പോളിംഗ് സ്റ്റേഷനുകൾ പുതുതായി രൂപീകരിച്ചു.
ഇതോടൊപ്പം മണ്ണാർക്കാട് മണ്ഡലത്തിലെ സ്വർണഗദ്ദ ഉൗരിലുള്ള 161 ാം ബൂത്ത് വോട്ടർമാരുടെ സൗകര്യാർഥം വിഭജിച്ച് അട്ടപ്പാടി പാലൂർ ഗവ. യുപി സ്കൂളിൽ ഒരു പുതിയ ബൂത്തും രൂപീകരിച്ചു. അസൗകര്യമുള്ളതായി കണ്ടെത്തിയ 82 പോളിംഗ് സ്റ്റേഷൻ കെട്ടിടങ്ങൾ സൗകര്യപ്രദമായ കെട്ടി ടങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും മാറ്റിയിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടികയുടെ പകർപ്പുകൾ എല്ലാ അംഗീകൃത ദേശീയ സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ കാര്യാലയങ്ങളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അറിയിച്ചു.