പൂട്ടിയിട്ട വീട്ടിൽനിന്ന് 20 പവൻ കവർന്ന സംഭവം; അന്വേഷണം തമിഴ്നാട്ടിലേക്ക്
1493560
Wednesday, January 8, 2025 7:19 AM IST
പാലക്കാട്: പൂട്ടിയിട്ട വീട്ടിൽനിന്ന് 20 പവൻ സ്വർണവും നിർത്തിയിട്ട കാറും കവർന്ന സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് പുത്തൂർ ചൊക്കനാഥപുരം റോസ് ഗാർഡനിലെ പ്രകാശിന്റെ വീട്ടിൽ മോഷണം നടന്നത്.
ഉച്ചയോടെ പ്രകാശിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച കാറുമായി പ്രതികൾ വാളയാർ ടോൾ പ്ലാസ കടന്ന് തമിഴ്നാട്ടിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവരുകയായിരുന്നു. മുന്പ് ഇത്തരം സംഭവങ്ങൾ മേഖലയിൽ ഉണ്ടായിട്ടില്ലാത്തതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ.
വീട്ടുടമ പ്രകാശനും ഭാര്യയും ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുറ്റത്ത് കാർ ഇല്ലായിരുന്നു. അകത്തെ അലമാരകൾ തുറന്ന് കിടക്കുന്ന അവസ്ഥയിലുമായിരുന്നു. വഴിയരികിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വീടിനുപുറത്ത് വെള്ളക്കാറിൽ ഒരുസംഘം വന്നിറങ്ങുന്നത് കണ്ടെത്തിയിട്ടുണ്ട്.
ഉച്ചക്ക് 12.30നും വൈകുന്നേരം നാലുമണിക്കും ഇടയിലാകാം മോഷണം നടന്നതെന്നും സംഘത്തിൽ രണ്ടിൽക്കൂടുതൽ ആളുകളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.