മാന്നന്നൂർ ഉരുക്കുതടയണ പുനർനിർമാണത്തിൽ അനിശ്ചിതത്വം; യന്ത്രസാമഗ്രികൾ മാറ്റിത്തുടങ്ങി
1493123
Tuesday, January 7, 2025 1:32 AM IST
ഒറ്റപ്പാലം: മാന്നന്നൂർ ഉരുക്കുതടയണയുടെ പുനർനിർമാണം അനിശ്ചിതത്വത്തിൽ. പണികൾക്കായി ഇവിടെക്കെത്തിച്ചിരുന്ന യന്ത്രങ്ങളും ഷട്ടർ ഉൾപ്പെടെയുള്ളവയും മാറ്റി. പുനർനിർമാണം തുടങ്ങുന്ന കാര്യത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണിത്.
അതേസമയം, വെള്ളം കയറിയതുമൂലം യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇതു നന്നാക്കുന്നതിനാണ് മാറ്റുന്നതെന്നും കരാറുകാരൻ പറയുന്നു. രണ്ടു മണ്ണുമാന്തിയന്ത്രവും നാല് വലിയ മോട്ടോർ പമ്പ്, ജനറേറ്റർ, കോൺക്രീറ്റ് മിക്സർ അടക്കമുള്ള സാധനങ്ങളുമാണ് മാറ്റിയത്. ഇതെല്ലാം വെള്ളം കയറി നശിച്ചതുമൂലം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പണി തുടങ്ങുന്നതിനുമുൻപ് തകരാറുകൾ പരിഹരിച്ചു തിരിച്ചെത്തിക്കുമെന്നും കരാറുകാരൻ പറഞ്ഞു.
പുഴയിൽ വെള്ളം കുറഞ്ഞതോടെ പൈങ്കുളം ഭാഗത്തേയ്ക്കാണ് സാമഗ്രികൾ കൊണ്ടുപോയത്. മായന്നൂർ ഭാഗത്ത് റെയിൽവേ ലൈൻ ആയതിനാലും പാടത്ത് കൃഷിയുള്ളതിനാലുമാണ് പൈങ്കുളം ഭാഗത്തേക്ക് കൊണ്ടുപോയത്. കഴിഞ്ഞ വേനലിൽ അവസാനഭിത്തിയുടെ പണി നടക്കുമ്പോഴാണ് ഭാരതപ്പുഴയിൽ ഒഴുക്ക് വർധിച്ചത്. യന്ത്രങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരുന്നു.