പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കില്ല
1492896
Monday, January 6, 2025 1:41 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്ന് ഇന്നുമുതൽ ടോൾ പിരിക്കുമെന്ന കരാർകമ്പനിയുടെ ഭീഷണി നടപ്പിലാകില്ല.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് പി.പി. സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ചേർന്ന സർവകക്ഷി യോഗം വിഷയംപഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.
എംപി, തരൂർ, ആലത്തൂർ എംഎൽഎമാർ, കളക്ടർ, ആലത്തൂർ ജോയിന്റ് ആർടിഒ, ദേശീയപാത അഥോറിറ്റി, കരാർകമ്പനി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഏഴംഗ വിദഗ്ധസമിതി.
ഈമാസം 30 വരെയുള്ള ദിവസങ്ങളിലായി ടോൾപ്ലാസവഴി കടന്നുപോകുന്ന പ്രദേശവാസികളായ ആറുപഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പു നടത്തും.
ടോൾബൂത്ത് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്കെടുപ്പും ഒപ്പം നടത്തുമെന്നു എംഎൽഎ പറഞ്ഞു.
ജോയിന്റ് ആർടിഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹനക്കണക്കെടുപ്പിനു ശേഷം എംപി കെ. രാധാകൃഷ്ണനെകൂടി പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നു എംഎൽഎ അറിയിച്ചു.
വായുദൂരം അഞ്ചു കിലോമീറ്ററിലുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിക്കാമെന്ന് നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും യോഗത്തിൽ അറിയിച്ചെങ്കിലും ഇത് യോഗം അംഗീകരിച്ചില്ല.
നിലവിലുള്ള ആറു പഞ്ചായത്തുകൾക്കും സൗജന്യപാസ് തുടരണമെന്നും കക്ഷിനേതാക്കളും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെട്ടു.
ടോൾബൂത്തിൽ സൗജന്യ പ്രവേശന ട്രാക്കിലൂടെ കടന്നുപോകുന്ന പ്രദേശവാസികളുടെ വാഹനങ്ങൾ എത്രയുണ്ടെന്നതു സംബന്ധിച്ച് കരാർകമ്പനിക്ക് വ്യക്തമായ കണക്കുണ്ടെന്നിരിക്കെ വീണ്ടും വാഹനങ്ങളുടെ കണക്കെടുപ്പ് എന്തിനെന്നു വ്യക്തമല്ല. അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യപ്രവേശനം നൽകി തുടർന്നുള്ള പത്തുകിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് ചെറിയ പ്രവേശന ഫീസ് കൊണ്ടുവരാനും ആലോചനയുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ജനകീയ സമിതി നേതാക്കൾ, നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.