വിദ്യാർഥികൾ തൊഴിൽദായകരായി മാറണം: മന്ത്രി ആർ. ബിന്ദു
1493128
Tuesday, January 7, 2025 1:32 AM IST
പാലക്കാട്: വിദ്യാർഥികൾ തൊഴിൽ തേടുന്നവരിൽനിന്ന് തൊഴിൽദായകരായി മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇൻഡസ്ട്രി ഓണ്‍ കാന്പസ് പദ്ധതിയുടെ ഭാഗമായി പാലക്കാട് ഗവ. പോളിടെക്നിക് കോളജിൽ ജൻറോബോട്ടിക്സ് എന്ന കന്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്കൊപ്പം സർക്കാരുണ്ട്. ഇത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി യംഗ് ഇന്നവേറ്റേഴ്സ് പദ്ധതി വഴി 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപവരെയാണ് സർക്കാർ സഹായം നൽകുന്നത്. വിദ്യാർഥികൾ തൊഴിൽദായകരാകുന്പോൾ അത് സംസ്ഥാനത്തിന്റെ മികവിനും സാന്പത്തിക അഭിവൃദ്ധിയ്ക്കും സഹായകരമാകും.
പഠനത്തോടൊപ്പം എക്സ്പീരിയൻസ് ലേണിംഗ് പ്രധാനമാണ്. അത് ഉറപ്പുവരുത്തുന്നതാണ് ഇൻഡസ്ട്രീസ് ഓണ്‍ കാന്പസ് പദ്ധതി. സാങ്കേതിക മേഖലയിൽ ഏറ്റവും നേട്ടം ഉണ്ടാക്കുന്നവരാണ് ഏറ്റവും ശക്തരാവുക എന്നും മന്ത്രി പറഞ്ഞു. മൂന്നു വർഷങ്ങൾക്കുമുൻപ് ഓട ശുചീകരിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ദാരുണ അനുഭവത്തിന് ശേഷം ഒരു സംഘം വിദ്യാർഥികൾ രൂപകല്പന ചെയ്ത ഓട ശുദ്ധീകരണ റോബോട്ട് നിർമാണമാണ് പദ്ധതി. വെഹിക്കിൾ മൗണ്ടഡ് റോബോട്ടിക് സ്കാവിഞ്ചിംഗ് യൂണിറ്റ് നിർമാണമാണ് ഇവിടെ നടക്കുന്നത്.
ചടങ്ങിൽ എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, ഐഒസി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.എം. പ്രദീപ്, ജൻ റോബോട്ടിക്സ് സിഎസ്ഒ റെനിൻ രാജേഷ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ബി. കാർത്തിക് പരശുറാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, കൊടുന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനരാജ്, ഗ്രാമപഞ്ചായത്ത് അംഗം പ്രവീണ, പിടിഎ വൈസ് പ്രസിഡന്റ് നാഗരാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. ദിലീപ്, കെ.എൻ. സീമ, ഡോ.ആർ. ആശാലത, വിദ്യാർഥി പ്രതിനിധി ഹർഷ എന്നിവർക്കൊപ്പം വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പങ്കെടുത്തു.