ഷൊർണൂർ- നിലമ്പൂർ പാതയിൽ കൂടുതൽ മെമു ട്രെയിൻസർവീസുകൾക്കു തീരുമാനം
1493126
Tuesday, January 7, 2025 1:32 AM IST
ഷൊർണൂർ: വൈദ്യുതീകരിച്ച ഷൊർണൂർ- നിലമ്പൂർ പാതയിൽ മെമു ട്രെയിൻസർവീസ് വർധിപ്പിക്കാൻ റെയിൽവേ തീരുമാനം. ഈ മാസം അവസാനത്തോടെ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം.
എറണാകുളം- ഷൊർണൂർ മെമു സർവീസ്, കോയമ്പത്തൂർ- ഷൊർണൂർ മെമു സർവീസ് എന്നിവ നിലമ്പൂരിലേക്കു നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ ഷൊർണൂരിൽനിന്നു കണ്ണൂരിലേക്കു പോകുന്ന ഇതേ മെമു നിലമ്പൂരിൽനിന്ന് ആരംഭിക്കാനുമുള്ള നിർദേശം പരിഗണനയിലുണ്ട്.ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ സർവീസ് തുടങ്ങുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
ഇതോടെ വൈകിട്ട് മുതൽ നിലമ്പൂരിലേക്ക് ട്രെയിൻ ഇല്ലെന്നുള്ള പ്രശ്നത്തിനും പരിഹാരമാകും. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്കു ട്രെയിൻ ഓടിയെത്താനുള്ള സമയം.
ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. 30 ശതമാനത്തോളം ചെലവും കുറയും. റെയിൽപാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി കമ്പനിയാണ് ഏറ്റെടുത്തിരുന്നത്.
2023 ജനുവരിയിലാണ് വാടാനാംകുറിശ്ശി സ്റ്റേഷനിൽ ആദ്യ തൂൺ സ്ഥാപിച്ച് വൈദ്യുതീകരണത്തിനു തുടക്കമിട്ടത്. 66 കിലോമീറ്റർ പാതയിൽ 100 കോടി രൂപയോളം ചെലവിലാണു വൈദ്യുതീകരണം പൂർത്തിയാക്കിയത്. ഷൊർണൂർ- നിലമ്പൂർ പാതയിൽ 14 ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. പൂർണമായി വൈദ്യുതീകരിച്ചാലും ഡീസൽ എൻജിൻ ഒഴിവാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ പറയുന്നത്.
ഇലക്ട്രിക് എൻജിനുകൾ തകരാറിലായാൽ ഡീസൽ എൻജിനിലൂടെ പ്രശ്നം പരിഹരിച്ചു യാത്ര തുടരാൻ കഴിയുമെന്നാണ് റെയിൽവേ പറയുന്നത്. അതിനാൽതന്നെ ഡീസൽ എൻജിനുകൾ ഷൊർണൂർ ജംഗ്ഷനിൽ ഇനിയുമുണ്ടാകും.