ചോദ്യചിഹ്നമായി മാന്നനൂർ ഉരുക്കു തടയണയുടെ ഭാവി
1492886
Monday, January 6, 2025 1:41 AM IST
ഷൊർണൂർ: മാന്നനൂർ ഉരുക്കുതടയണ പുനർനിർമാണം വൈകും. ഉരുക്കുതടയണയുടെ പുനർനിർമാണത്തിന് ഉന്നതതലപഠനം വേണമെന്നു നിർദേശമുയർന്ന സാഹചര്യത്തിലാണിത്.
ഉന്നതതല പഠനത്തിനായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ സമീപിച്ചിട്ടുണ്ടെങ്കിലും പoനത്തിന് കാലതാമസം നേരിടുമെന്ന കാര്യം ഉറപ്പാണ്.
ഇക്കഴിഞ്ഞ ഡിസംബറിൽ റീബിൽഡ് കേരള അഡീഷണൽ സെക്രട്ടറി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടയണയിൽ പരിശോധന നടത്തിയിരുന്നു.
തുടർന്നാണ് ഉരുക്കുതടയണയുടെ പുനർനിർമാണത്തിനു ഉന്നതതലപഠനം വേണമെന്ന് നിർദേശിച്ചത്. നിർമാണം അവസാനഘട്ടത്തിലിരിക്കേയാണ് കഴിഞ്ഞ മഴക്കാലത്ത് പുഴയിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുമൂലം നിർമാണംപൂർത്തിയായ നാലുഭിത്തികൾ തകർന്നിരുന്നു.
ഇതോടെ ഇപ്പോൾപുഴ പൂർണമായും ഗതിമാറിയാണ് ഒഴുകുന്നത്. തുടർന്ന്, സംരക്ഷണഭിത്തികളുടെ തകർച്ചയ്ക്ക് കാരണംകണ്ടെത്താൻ പഠനവും നടത്തി.
എന്നാൽ, സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഇത് പോരെന്നും ഉന്നതതലപഠനം ആവശ്യമാണെന്നും വിലയിരുത്തുകയായിരുന്നു.
ഉരുക്കുതടയണയുടെ നിർമാണത്തിന് നിലവിൽ അനുവദിച്ച തുകയിൽക്കൂടുതൽ അവശ്യമായിവന്നാൽ അതിനുവേണ്ട ഇടപെടൽ നടത്തുമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.