കേരള വനനിയമ ഭേദഗതിക്കെതിരേ കിഫയുടെ ഫ്രീഡം മാർച്ചിൽ ജനരോഷമിരന്പി
1492726
Sunday, January 5, 2025 7:01 AM IST
കാഞ്ഞിരപ്പുഴ: കേരള വനനിയമ ഭേദഗതിയിലെ ജനവിരുദ്ധ, കർഷകവിരുദ്ധ വശങ്ങളെ ചൂണ്ടിക്കാട്ടിയും നീതിയില്ലാത്ത നിയമത്തെ തീയിലിടാൻ ആഹ്വാനം ചെയ്തും കിഫ കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് സംഘടിപ്പിച്ച ഫ്രീഡം മാർച്ചിൽ സംസ്ഥാനസർക്കാരിനും വനംവകുപ്പിനുമെതിരേ ജനരോഷമിരന്പി. വനനിയമ ഭേദഗതിയിൽ മൗനം പാലിച്ചിരുന്ന ജനപ്രതിനിധികൾ ജനവിരുദ്ധനിയമത്തിന് ഒത്താശ ചെയ്തവരാണെന്നും രാഷ്ട്രീയക്കാർക്ക് കർഷകരുടെ പ്രശ്നങ്ങളിൽ ഐക്യമാണെന്നും ഫ്രീഡം മാർച്ച് അപലപിച്ചു.
സംസ്ഥാന വ്യാപകമായി കിഫ സംഘടിപ്പിക്കുന്ന ഫ്രീഡം മാർച്ചിന്റെ ജില്ലാതല മാർച്ചും പൊതുസമ്മേളനവുമാണ് ഇന്നലെ കാഞ്ഞിരത്ത് സംഘടിപ്പിച്ചത്. പാലക്കാടിന്റെ എല്ലാ മേഖലയിൽനിന്നും എത്തിയ നൂറുകണക്കിന് കർഷകരും സാധാരണ ജനവും ഫ്രീഡം മാർച്ചിന്റെ ഭാഗമായി. വൈകുന്നേരം നാലിന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജംഗ്ഷനിൽനിന്നും ആരംഭിച്ച മാർച്ച് കാഞ്ഞിരം സെന്ററിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ലാത്ത വനംവകുപ്പിന് കടിഞ്ഞാണിടാൻ ജനപ്രതിനിധികൾക്കും സർക്കാരിനും കഴിയില്ലെങ്കിൽ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ കർഷകന്റെ വഴികൾ സ്വീകരിക്കാൻ മലയോരവാസികളെ നിർബന്ധിക്കരുതെന്നു ഫ്രീഡം മാർച്ച് സർക്കാരിനെ ഓർമിപ്പിച്ചു. പൂർവികർ ത്യാഗംചെയ്തും ജീവൻ കൊടുത്തും നേടിയ സ്വാതന്ത്ര്യം ഫോറസ്റ്റ് രാജിന് അടിയറ വയ്ക്കാൻ ഒരുക്കമല്ല എന്ന ആഹ്വാനമാണ് ഫ്രീഡം മാർച്ച് എന്ന് കിഫ ചെയർമാർ അലക്സ് ഒഴുകയിൽ ഓർമിപ്പിച്ചു.
മലയോര ജനതയുടെ നെഞ്ചിൽ തറച്ച അവസാന ആണിയാണ് സംസ്ഥാന സർക്കാർ നവംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള വനനിയമ ഭേദഗതി 2024. വനത്തിനുപുറത്തും വനംവകുപ്പിന് അമിതാധികാരം നല്കുന്നതുമാത്രമല്ല, കടുത്ത മനുഷ്യാവകാശലംഘനങ്ങൾ നിറഞ്ഞതുമാണ് നിലവിലെ നിയമ ഭേദഗതിയെന്ന് മാർച്ചിൽ പ്രസംഗിച്ചവർ ഓർമിപ്പിച്ചു. ഒരു ഗതിയും ഇല്ലാത്ത കർഷകന്റ കൈയിൽ കാട്ടുനീതിയുടെ കയ്യാമം വയ്ക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ഇത്തരം കരിനിയമങ്ങൾക്കെതിരേ കണ്ണുതുറക്കാത്ത ജനപ്രതിനിധികളും ഉത്തരവാദിത്വപ്പെട്ടവരും ജനാധിപത്യ സമൂഹത്തിന് കളങ്കമാണ് എന്ന് പറയാനുള്ള ആർജവം ഇവിടത്തെ കർഷകസമൂഹം കാണിക്കണമെന്ന് കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിനെതിരേ ജില്ലാ കളക്ടർക്കു കത്തയച്ച അമേയ റോയിയുടെ അനുഭവം ശ്രദ്ധേയമായി.
കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു. ചെയർമാൻ അലക്സ് ഒഴുകയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ ജോമി മാളിയേക്കൽ സ്വാഗതവും ഫാ. സജി ജോസഫ് വിഷയാവതരണവും നടത്തി. അബ്ബാസ് ഒറവഞ്ചിറ, അഡ്വ. കെ.ടി. തോമസ്, പ്രവീണ് ജോർജ്, അഡ്വ. ബോബി ബാസ്റ്റിൻ, രമേശ് ചേവക്കുളം എന്നിവർ പ്രസംഗിച്ചു.