പുതുവർഷത്തിൽ പ്രതീക്ഷയോടെ വടക്കഞ്ചേരി, മംഗലംഡാം മേഖലയിലെ പദ്ധതികൾ
1492719
Sunday, January 5, 2025 7:01 AM IST
വടക്കഞ്ചേരി: പുതുവർഷത്തിൽ പ്രതീക്ഷയിലാണ് വടക്കഞ്ചേരി, മംഗലംഡാം മേഖലയിലെ വികസനപദ്ധതികൾ. ഒരുഡസനോളം പദ്ധതികളുണ്ട് പ്രതീക്ഷാലിസ്റ്റിൽ.
പാലക്കുഴി ജലവൈദ്യുത പദ്ധതി
പാലക്കുഴിയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിനി ജലവൈദ്യുതപദ്ധതി ഈവർഷത്തിലെങ്കിലും കമ്മീഷൻ ചെയ്യുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ. പദ്ധതിക്കുള്ള ചെക്ക്ഡാം പാലക്കുഴി അഞ്ചുമുക്കിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. മലയുടെ താഴെ കൊന്നക്കൽകടവിൽ പവർഹൗസിന്റെ നിർമാണവും നടക്കുന്നുണ്ട്. 2017 ഡിസംബറിലാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.
മംഗലംഡാം കുടിവെള്ള പദ്ധതി
മംഗലംഡാം റിസർവോയർ ഉറവിടമാക്കിയുള്ള മംഗലംഡാം കുടിവെള്ള പദ്ധതിക്ക് ഈ വർഷത്തിൽ പുതുജീവൻ കിട്ടുമോ എന്ന കാത്തിരിപ്പിലാണ് ജനം. 2018 ജൂലൈയിലാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞത്. മെയിൻ ടാങ്കുകളുടെ നിർമാണവും പൈപ്പിടലും ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും പദ്ധതിക്കുള്ള വെള്ളം ഡാമിൽ ഉണ്ടാകുമോ എന്ന ആശങ്ക ഇനിയും ബാക്കിയാണ്.
ഡാമിലെ മണ്ണ് നീക്കി മഴക്കാലത്ത് കൂടുതൽ വെള്ളം സംഭരിച്ച് പദ്ധതി നടപ്പിലാക്കാനായിരുന്നു ലക്ഷ്യം വച്ചിരുന്നത്. എന്നാൽ ഡാമിലെ മണ്ണുനീക്കൽ രണ്ടു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. 130 കോടി രൂപ ചെലവിൽ വണ്ടാഴി, കിഴക്കഞ്ചേരി , വടക്കഞ്ചേരി , കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിൽ കുടിവെള്ളം നൽകുന്നതാണ് പദ്ധതി.
മംഗലംഡാം ടൂറിസം
ഇടയ്ക്കിടെ കോടികൾ ചെലവഴിക്കുന്ന മംഗലംഡാമിലെ ടൂറിസം ഇന്നും അവഗണനയിലാണ്. ചെലവഴിക്കുന്ന കോടികളൊന്നും എവിടെയും കാണാനില്ല. 4.76 കോടി രൂപയുടെ ടൂറിസം വികസനം നടത്തിയെന്ന് കാണിച്ച് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം ഇപ്പോൾ തകർന്നടിഞ്ഞു.
കണ്ണമ്പ്ര വ്യവസായ പാർക്ക്
വികസനത്തിന്റെ ഇടനാഴി എന്നൊക്കെ ഓമനപ്പേരിട്ട കണ്ണമ്പ്ര വ്യവസായ പാർക്ക് എട്ടുവർഷം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കൽ ഘട്ടത്തിൽ തുടരുകയാണ്. ഏറ്റെടുത്ത 325 ഏക്കർ ഭൂമിയും പൊന്തക്കാടു കയറി കാട്ടുപന്നികളുടെയും പാമ്പുകളുടെയും സാമൂഹ്യവിരുദ്ധരുടെയും തവളമായി മാറി.
ഇതുമൂലം സമീപവാസികളും ഭീതിയിലാണ് കഴിയുന്നത്. 2016 ലാണ് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയത്. വിളകൾ നിറഞ്ഞു നിന്നിരുന്ന ഫലഭൂയിഷ്ടമായ ഭൂമിയാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.
ഫയർസ്റ്റേഷന് സ്വന്തം സ്ഥലം
വടക്കഞ്ചേരി ഫയർസ്റ്റേഷന് സ്വന്തം സ്ഥലം എന്നത് ഇപ്പോഴും സ്വപ്നങ്ങളിൽ മാത്രമായി തുടരുകയാണ്. അഞ്ചുമൂർത്തി മംഗലത്ത് പഴയ തീപ്പെട്ടി കമ്പനിയിലാണ് കാൽ നൂറ്റാണ്ടിലേറെയായി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. രക്ഷകരായി പാഞ്ഞെത്തുന്ന സേനാംഗങ്ങൾക്ക് തന്നെ കെട്ടിടത്തിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്.
വടക്കഞ്ചേരി നഗരസഭ
ആളുകൊണ്ടും അർഥം കൊണ്ടും സമ്പന്നമായ വടക്കഞ്ചേരിയെ നഗരസഭയായി ഉയർത്തണമെന്ന ആവശ്യത്തിനും ശക്തി കൂടിയിട്ടുണ്ട്. തൃശൂർ കോർപറേഷനും പാലക്കാട് മുനിസിപ്പാലിറ്റിക്കും ഇടക്കുള്ള പ്രധാനപ്പെട്ട പട്ടണം എന്ന നിലയിൽ വടക്കഞ്ചേരി പഞ്ചായത്തിനെ നഗരസഭയായി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ രാഷ്ട്രീയ നേതൃത്വം വേണ്ടവിധം വിഷയത്തിൽ ഇടപെടുന്നില്ല. വരുമാനത്തിലും ജനസംഖ്യയിലും വിസ്തൃതിയിലും വടക്കഞ്ചേരിക്ക് എ ഗ്രേഡ് ഉണ്ട്. വടക്കഞ്ചേരിക്കാർക്ക് ഇത്രയൊക്കെ മതിയെന്ന ചിന്തയാകണം ഭരണക്കാർക്കും.
ആറുവരി ദേശീയപാത
വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ വാഹനഗതാഗതം സുഗമമാക്കണം. വടക്കഞ്ചേരി മേൽപ്പാലത്തിലും കുതിരാൻ മേൽപ്പാലത്തിലും ഏത് സമയവും കുത്തിപ്പൊളിച്ചുള്ള പണികളാണ്.
പാലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വർഷത്തിനിടെ എത്ര തവണ കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തു എന്നു പോലും കരാർ കമ്പനിക്ക് കണക്കില്ല. 30 തവണ 40 തവണ എന്നൊക്കെയാണ് തൊഴിലാളികൾ പറയുന്നത്.
കുതിരപ്പുറത്ത് പോകുന്ന അനുഭൂതിയാണ് ഇപ്പോൾ മേൽപ്പാലത്തിലൂടെ വാഹനം ഓടിച്ചു പോകുന്നവർക്ക്. പാലത്തിലെ വിടവുകളിൽ ചാടിപോകണം. കണക്കിൽ ആറുവരിപാതയാണെങ്കിലും ഒറ്റവരിപാതയാണ് വാഹനഗതാഗത്തിന് പലയിടത്തുമുള്ളത്.
പ്രദേശവാസികൾക്ക് സൗജന്യ പാസ് വേണം
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് ഉറപ്പുവരുത്തണം. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് ഇടയ്ക്കിടെയുള്ള കരാർ കമ്പനിയുടെ ഭീഷണികളും അവസാനിപ്പിക്കണം.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത
മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത ഇടയ്ക്കിടെ ഓട്ടയടയ്ക്കലിൽ ഒതുക്കാതെ നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണുള്ളത്. ഉടൻ നവീകരണം വരുമെന്ന് പറഞ്ഞ് എട്ടുവർഷത്തോളമായി നല്ല രീതിയിൽ റീടാറിംഗ് പോലും നടത്തിയിട്ടില്ല.
മംഗലംഡാം പഞ്ചായത്ത്
മംഗലംഡാം ആസ്ഥാനമായി മംഗലംഡാം പഞ്ചായത്ത് രൂപീകരണ നടപടി വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്. 2015ൽ പഞ്ചായത്ത് രൂപീകരണ നടപടികൾ ബഹുദൂരം മുന്നോട്ടു പോയെങ്കിലും പിന്നീട് വന്ന സർക്കാരുകൾ വേണ്ടത്ര താത്പര്യം കാണിച്ചില്ല. വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖലകളും കിഴക്കഞ്ചേരി പഞ്ചായത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് രൂപീകരണ നടപടികൾ നടക്കുന്നത്.