ഒറ്റപ്പാലം നഗരത്തിൽ വാഹനഉടമകളും വ്യാപാരികളും കൊമ്പുകോർക്കുന്നു
1492296
Saturday, January 4, 2025 12:17 AM IST
ഒറ്റപ്പാലം: റോഡരികിൽ വാഹനം നിർത്തുന്നതിനെതിരെ വ്യാപാരികളും വാഹന ഉടമകളും തമ്മിൽ തർക്കം പതിവാകുന്നു. ഒറ്റപ്പാലം നഗരത്തിനുള്ളിൽ റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരെയാണ് വ്യാപാരികളുമായി വാഹന ഉടമകൾ കൊമ്പുകോർക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുള്ള പൊതുമരാമത്ത് റോഡിന്റെ അരികിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം . എന്നാൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയാൽ വ്യാപാരികൾക്ക് എന്താണ് നഷ്ടമെന്നാണ് വാഹന ഉടമകളുടെ നിലപാട്. വ്യാപാര സ്ഥാപനത്തിനു മുന്നിലുള്ള റോഡ് വ്യാപാരികളുടെ മുറ്റമാണ് എന്നാണ് പലരും ധരിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ഇതു കൊണ്ട് തന്നെ ചില വ്യാപാരികൾ സ്വന്തം സ്ഥാപനത്തിന് മുൻവശമുള്ള റോഡിൽ ഇരുമ്പ് തകിടുകൊണ്ടുള്ള പല വിധത്തിലുള്ള തടസങ്ങളും ഉണ്ടാക്കിയിട്ടുമുണ്ട്.
റോഡരികിൽ വാഹനം നിർത്തിയാൽ തന്റെ സ്ഥാപനം മറക്കപ്പെടുമെന്നും ഉപഭോക്താക്കൾ തന്റെ സ്ഥാപനം കാണാതെയും കയറാതെയും പോകുമെന്നുമുള്ള ഭയമാണ് പലരുടെയും മനസിൽ. അതാണ് വാഹന ഉടമകളുമായി തർക്കമുണ്ടാക്കുന്നതും. അതേസമയം പൊതുമരാമത്ത് വകുപ്പിന്റെ റോഡും അതിന്റെ അരികും ഒരു വ്യാപാര സ്ഥാപനത്തിനും മുറ്റമായി നൽകിയിട്ടില്ലെന്നും വാഹനങ്ങൾ നിൽക്കുകയോ പോവുകയോ ചെയ്യട്ടെയെന്നുമാണ് അധികൃതരുടെ നിലപാട്.
റോഡരികിൽ വാഹനം നിർത്തുമ്പോൾ വ്യാപാരികൾ രംഗത്തുവരുന്നതും വാഹന ഉടമകളുമായി തർക്കിക്കുന്നതും എന്തടിസ്ഥാനത്തിലാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്ത് ഒരു കച്ചവടക്കാരൻ റോഡരികിൽ നിർത്തിയ കാറ് ഉടമയെ ഭീഷണിപ്പെടുത്തിയിരുന്നു. തർക്കം മൂർഛിക്കുകയും കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു.
കടയുടെ മുൻവശത്തെ റോഡ് മുഴുവൻ പൊതുമരാമത്ത് കടയുടമക്ക് നൽകിയതുപോലെയായിരുന്നു കച്ചവടക്കാരന്റെ ഇടപെടൽ ഉണ്ടായത്. റോഡരികുകകൾ ആർക്കും സ്വന്തമല്ലെന്നും റോഡരികിൽ വാഹനങ്ങൾ എവിടെ നിർത്തണം എവിടെ നിർത്താതിരിക്കണം എന്ന് തീരുമാനിക്കുന്നത് വാഹന ഉടമകളാണെന്നുമാണ് ഇവരുടെ അവകാശവാദം.
വാഹന ഉടമകളും, വ്യാപാരികളും തമ്മിൽ തെരുവിൽ പ്രശ്നങ്ങളുണ്ടാവുന്നത് ആശാസ്യകരമല്ല.
അതേസമയം അനധികമായി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ തടസങ്ങളും പോലീസ് ഇടപെട്ട് അടിയന്തരമായി മാറ്റണമെന്ന ആവശ്യം വ്യാപകമാണ്.