ഗ്യാസ് ടാങ്കർ അപകടം: ഡ്രൈവറെ അറസ്റ്റു ചെയ്തു
1492712
Sunday, January 5, 2025 7:01 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പാചകവാതക ട്രക്ക് മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ രാധാകൃഷ്ണനെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.
അപകടകരമായ ഡ്രൈവിംഗ്, സ്ഫോടകവസ്തു നിയമം, പെട്രോളിയം നിയമം, പരിസ്ഥിതി, മോട്ടോർ സേഫ്റ്റി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കൊച്ചിയിൽ നിന്ന് ഗ്യാസ് കയറ്റി വന്ന ടാങ്കർ ലോറിയാണ് അവിനാസി റോഡിലെ പഴയ മേൽപ്പാലത്തിൽ അപകടത്തിൽ പെട്ട് മറിഞ്ഞത്. നഗരത്തിന്റെ ഹൃദയഭാഗത്ത് 18 ടൺ എൽപിജി യുമായി പോയ ടാങ്കർ മറിഞ്ഞ് വാതകം ചോർന്നത് ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
എല്ലാ വകുപ്പുദ്യോഗസ്ഥരും 8 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ റോഡിൽ മറിഞ്ഞ ടാങ്കർ കനത്ത സുരക്ഷയിൽ നീക്കം ചെയ്തു. ഗ്യാസ് നിറച്ച ടാങ്കർ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുകയും ദുരന്തം ഒഴിവാക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ വിവിധ കക്ഷികൾ അഭിനന്ദിച്ചു.
അവിനാസി റോഡ് മേൽപ്പാലത്തിലെ റൗണ്ട് എബൗട്ട് ഇടുങ്ങിയതാണ്. ഈ മേൽപ്പാലം വികസിപ്പിച്ച് പുനർനിർമിക്കണമെന്ന് കോയമ്പത്തൂർ നിവാസികൾ ആവശ്യപ്പെടുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്.