മലയോരത്ത് ഉത്സവപ്രതീതിയുയർത്തി പാലക്കുഴി ഫെസ്റ്റ്
1492725
Sunday, January 5, 2025 7:01 AM IST
വടക്കഞ്ചേരി: പാലക്കുഴിയുടെ ടൂറിസം സാധ്യതകൾ പുറംലോകത്തറിയിക്കാൻ ലക്ഷ്യംവച്ചുള്ള പാലക്കുഴി ഫെസ്റ്റിനു തുടക്കമായി.
സ്റ്റേജ് പരിപാടികൾ, കേക്ക് മേള, ഫുഡ് ഫെസ്റ്റ്, കാർഷിക നഴ്സറി ഉത്പന്നങ്ങളുടെ എക്സിബിഷൻ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ഉത്പന്ന പ്രദർശനം, കർഷകരെയും മറ്റു പ്രതിഭകളെയും ആദരിക്കൽ, ബിരിയാണി ഫെസ്റ്റ്, ഫാം ഹൗസ് വിസിറ്റിംഗ്, ഹോംസ്റ്റേ, ഓഫ് റോഡ് ഡ്രൈവിംഗ്, വടംവലി മത്സരം തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പാലക്കുഴിക്കാരനായ ജൂബി ജോർജ് ഈർക്കിലിയിൽ തീർത്ത കരകൗശലവസ്തുക്കൾ ഏറെ ആകർഷണീയമാണ്. ഈർക്കിലികൊണ്ടുള്ള ടൈറ്റാനിക്, കുത്തബ് മീനാർ, സ്റ്റാച്യൂ ഓഫ് ലിബർട്ടി തുടങ്ങിയ വർക്കുകൾ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. ഫെസ്റ്റ് ഇന്നലെ വൈകീട്ട് കെ. ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലക്കുഴി പള്ളിക്കു മുന്നിലെ സെന്റ് തോമസ് മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ്, സിനിമാതാരം ജെയ്സ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ചാർളി മാത്യു ചെയർമാനും പഞ്ചായത്ത് മെമ്പർ പോപ്പി ജോൺ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. പാലക്കുഴി പ്രതിഭ വായനശാലയുടെയും ജനകീയ കമ്മിറ്റിയും സംയുക്തമായാണ് പാലക്കുഴി ഫെസ്റ്റ് നടത്തുന്നത്.