വികസനവഴിയിൽ മുഖംമിനുക്കി ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
1492297
Saturday, January 4, 2025 12:17 AM IST
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറി. 24.97 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണ് സ്റ്റേഷൻ അടിമുടി മാറിയത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻനവീകരണം നടത്തിയത്.
പുതിയ പ്രധാനകവാടം, പുതിയ ഇൻഫർമേഷൻ ഡസ്ക്, ടിക്കറ്റ് കൗണ്ടർ, പുതിയ ഫുട്ട്ഓവർ ബ്രിഡ്ജ് എന്നിവ മാത്രമല്ല ഇപ്പോൾ 1, 2,3 4,5 എന്നീ പ്ലാറ്റ്ഫോം ഐലന്റുകളിൽ മണിക്കൂറിനു 30 രൂപ നിരക്കിൽ ഉപയോഗിക്കാവുന്ന എസി വെയ്റ്റിംഗ് റൂമുകളടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്നാൽ പുതിയ ഫുട്ട് ഓവർ ബ്രിഡ്ജ് തുറന്നത്തോടെ പഴയ ഫുട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടുണ്ട്.
ആധുനിക സംവിധാനത്തിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
സ്റ്റേഷനിലെ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, വിശ്രമമുറികൾ, ഇരിപ്പിടങ്ങൾ, വിവരങ്ങൾ നൽകാനുള്ള നിലവിലെ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ആധുനിക സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടവും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടും.
സ്റ്റേഷനു മുൻവശം നവീകരിച്ചതിന്റെ ഭാഗമായി ബസുകൾ പോകുന്ന പാതയും മാറ്റിക്കഴിഞ്ഞു.
സ്റ്റേഷന്റെ പ്രവേശനകവാടമുൾപ്പെടെ തീയറ്ററിന് മുൻവശത്തേക്ക് മാറിയ രീതിയിലാണ് നവീകരണം നടത്തിയത്. പാർക്കിംഗിന് പ്രത്യേക സൗകര്യവുമൊരുക്കിക്കഴിഞ്ഞു.