ഒറ്റപ്പാലം നഗരത്തിൽ ഇരിപ്പിട കോർണറുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
1492718
Sunday, January 5, 2025 7:01 AM IST
ഒറ്റപ്പാലം: നഗരത്തിൽ തണൽമരങ്ങൾക്ക് താഴെ ഇരിപ്പിട കോർണറുകൾ ഒരുക്കണമെന്ന് ആവശ്യം. പാതയോരങ്ങളിൽ നിൽക്കുന്ന തണൽമരങ്ങൾക്ക് ചുവട്ടിൽ ഇത്തരം സൗകര്യം ഉണ്ടാക്കുന്നത് ഇവിടെയെത്തുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള വിശ്രമകേന്ദ്രങ്ങളാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന പൊതുജനത്തിന് ഇരിക്കാൻ പോലും സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഒറ്റപ്പാലത്തുള്ളത്. ചായ കുടിച്ച്, കപ്പലണ്ടി കൊറിച്ച്, കൂട്ടുകാർക്കൊപ്പം, തണൽ മരത്തിന്റെ കാറ്റേറ്റ് ഒറ്റപ്പാലത്തിന്റെ സായാഹ്ന സൗന്ദര്യം ആസ്വാദിക്കാനുള്ള സൗകര്യമായി ഇതിനെ മാറ്റാനാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സായാഹ്നങ്ങളിൽ ജോലി കഴിഞ്ഞെത്തുന്നവരും, നടക്കാനിറങ്ങുന്നവരും, സാധനങ്ങൾ വാങ്ങിക്കാൻ വരുന്നവരുമൊക്കെ നഗരത്തിൽ ചുറ്റിത്തിരിയാനും, അല്പനേരം ചെലവഴിക്കാനും ഇഷ്ടപ്പെടുന്നവരാണ്.
പലരും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിൽ ചെന്നിരുന്നാണ് സമയം കൊല്ലുന്നത്. മറ്റ് ചിലർ ബാറിൽ ആശ്രയം കണ്ടെത്തുന്നവരാണ്. ചിലരാകട്ടെ ക്ലബ്ബുകളിലാണ് തമ്പടിക്കുന്നത്. സാധാരണക്കാരന് വീടിന്റെ ആധാരം പണയം വെച്ചാൽ പോലും ചില ക്ലബ്ബുകളിൽ അംഗമാകാനുള്ള പണം തികയില്ല എന്നതാണ് അവസ്ഥ. ഒറ്റപ്പാലം നഗരത്തിൽ ഇറങ്ങുന്ന പൊതുജനം ഏതെങ്കിലും മരച്ചുവട്ടിലെങ്കിലും സൗഹൃദം പങ്കുവെക്കട്ടെയെന്നാണ് പ്രായമായവർ പോലും പറയുന്നത്. ഇത്തരക്കാർക്ക് ഇരിപ്പിട സൗകര്യം ഒരുക്കി നൽകാൻ അധികൃതർ തയ്യാറാവണമെന്നാണ് ആവശ്യം.
പടർന്നുപന്തലിച്ച തണൽമരങ്ങൾ നിരനിരയായി ഒറ്റപ്പാലത്തിന് കാലം സമ്മാനിച്ചിട്ടുണ്ട്. ഈ മരത്തിന്റെ ചുവട്ടിലെല്ലാം മാലിന്യങ്ങൾ കുന്നുകൂടാതിരിക്കാനെങ്കിലും ഇത്തരം ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്നത് ഗുണം ചെയ്യുമെന്നുറപ്പാണ്. ബസ് സ്റ്റാന്റിന്റെ പിറകുവശത്തും മായന്നൂർ പാലത്തിന്റെ തുടക്കഭാഗത്തുമെല്ലാം ആകർഷണീയമായി ഇരിപ്പിട കോർണർ ഒരുക്കാവുന്നതാണ്.
ഒന്നിരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥക്ക് ഇതുവഴി പരിഹാരമാവുകയും ചെയ്യും. ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവർ വഴി ഇത്തരത്തിലുള്ള ഇരിപ്പിട കോർണർ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളും കണ്ടെത്താവുന്നതാണ്. ഒറ്റപ്പാലം ടൗണിലേക്ക് ഇറങ്ങുന്നവർക്ക് വിശ്രമിക്കാനും കൂടുതൽ സമയം ഒറ്റപ്പാലത്ത് ചെലവഴിക്കാനും ഇരിപ്പിട കോർണറുകൾ ഒരുക്കുന്നതുവഴി സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.