കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനു ബൃഹദ്പദ്ധതിയുമായി ഒറ്റപ്പാലം നഗരസഭ
1492302
Saturday, January 4, 2025 12:17 AM IST
ഒറ്റപ്പാലം: കാർബൺ പുറന്തള്ളൽ കുറക്കുന്നതിനായി ബൃഹദ് പദ്ധതിയുമായി ഒറ്റപ്പാലം നഗരസഭ. കാർബൺ സന്തുലിത ഒറ്റപ്പാലം നഗരസഭ എന്ന പദ്ധതിയുടെ വിശദീകരണ യോഗവും കഴിഞ്ഞദിവസം ചേർന്നു. ഒറ്റപ്പാലത്ത് കാർബൺ പുറന്തള്ളുന്നതിന്റെ അളവ് കണ്ടെത്തുക എന്നായിരുന്നു പദ്ധതി പ്രവർത്തനങ്ങളുടെ ആദ്യ നടപടി.
കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ പഠനങ്ങളിൽ നിന്ന് നഗരസഭ കണ്ടെത്തിയത് 51000 ടൺ കാർബൺ പുറതള്ളപ്പെടുന്നുണ്ട് എന്നാണ്. സംസ്ഥാനത്ത് തന്നെ ഇത്തരം ഒരു പദ്ധതിക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഒറ്റപ്പാലം നഗരസഭ. മാലിന്യ സംസ്കരണ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് നഗരസഭ നടത്തിയത്. പതിറ്റാണ്ടുകളായി കുമിഞ്ഞു കൂടിയ മാലിന്യമല സംസ്ക്കരിക്കുന്നതിൽ നഗരസഭ വിജയിച്ചു കഴിഞ്ഞു. ബയോ മാലിന്യ പ്ലാന്റ് ഈ വർഷം പ്രവർത്തനം തുടങ്ങും.
നാപ്കിൻ പാഡുകൾ സംസ്കരിക്കുന്ന ഇൻസിനേറ്റർ ഉടൻ സ്ഥാപിക്കും. അജൈവ മാലിന്യം ഹരിതകർമസേന ശേഖരിക്കുന്നതു പോലെ ബയോ മാലിന്യങ്ങളും, നാപ്കിൻ പാഡുകളും ഉടൻ സ്വീകരിച്ചു തുടങ്ങും. മാലിന്യ സംസ്കരണ രംഗത്തും മാതൃക പരമായ പ്രവർത്തനങ്ങളുമായി നഗരസഭ മുന്നേറുകയാണ്. കാർബർ ന്യൂട്രൽ ഒറ്റപ്പാലം നഗരസഭ പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു കൊണ്ടാണ് പൊതു ചർച്ച അവസാനിച്ചത്.
നഗരസഭ ചെയർപേഴ്സൺ ജാനകീദേവി മുന്നോട്ടു നയിക്കുന്ന ഈ പദ്ധതിക്ക് വൈസ് ചെയർമാൻ കെ രാജേഷും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും ജനപ്രതിനിധികളും ഒപ്പമുണ്ട്.