മെട്രോ നഗരമാകാൻ കോയന്പത്തൂർ
1492300
Saturday, January 4, 2025 12:17 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയ്ക്ക് ഉടൻ മെട്രോ സിറ്റി പദവി ലഭിക്കും. ഗാന്ധിപുരം, ഉക്കടം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇതിനകം പുനർനിർമാണത്തിലാണ്.
നിലവിൽ സിംഗനല്ലൂരിലെയും സായിബാബയിലെയും ബസ് സ്റ്റാൻഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ജില്ലയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
എയർപോർട്ട് വിപുലീകരണം, റെയിൽവേ സ്റ്റേഷൻ, ബോത്തനൂർ റെയിൽവേ സ്റ്റേഷനുകൾ എന്നിവ ഉടൻ ആരംഭിക്കും. അതുപോലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമാണവും നടക്കുന്നുണ്ട്. അവിനാസി റോഡിൽ ഉപ്പിലിപ്പാളയം മുതൽ നീലമ്പൂർ വരെ നീളുന്ന ഹൈ ലെവൽ മേൽപ്പാലം, സായിബാബ കോളനി ഭാഗത്ത് രണ്ട് കിലോമീറ്റർ മേൽപ്പാലം പുരോഗമിക്കുകയാണ്.
200 കോടി രൂപയുടെ കോയമ്പത്തൂർ റോഡുകളുടെ നവീകരണം, വെസ്റ്റേൺ പെരിഫറൽ പദ്ധതി, അവിനാസി - മേട്ടുപ്പാളയം 4 ലെയ്ൻ പ്രവൃത്തികൾ, കാളംപാളയം - മഠപ്പട്ടി 4 ലെയ്ൻ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവൃത്തികൾ നടന്നുവരികയാണ്. കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയും ഉടൻ ആരംഭിക്കും. തങ്കനഗരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. ഐടി മേഖലയിലും കോയമ്പത്തൂർ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. ടെക് സിറ്റിക്കുള്ള സ്ഥലം തെരഞ്ഞെടുക്കലും നടന്നുവരികയാണ്.
ഇതുകൂടാതെ സെംമൊഴി പാർക്ക്, പെരിയാർ ലൈബ്രറി, സയൻസ് സെന്റർ എന്നിവയുടെ നിർമാണവും നടക്കുന്നുണ്ട്. ഗാന്ധിപുരം ഭാഗത്ത് പുതിയ ഒമ്നി ബസ് സ്റ്റേഷന്റെ നിർമാണവും പുരോഗമിക്കുകയാണ്.
കൂടാതെ ഗാന്ധിപുരം, ഉക്കടം ബസ് സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 50 വർഷത്തിന് ശേഷമാണ് ഗാന്ധിപുരം ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. ഇതിനായി 30 കോടി രൂപ വകയിരുത്തി. പാർക്കിംഗ്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സ്ഥലപരിമിതി പരിഹരിക്കാൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവ സഹിതം ഗാന്ധിപുരം ബസ് സ്റ്റാൻഡ് നവീകരിക്കാനാണ് നഗരസഭയുടെ പദ്ധതി.
ഉക്കടം ബസ് സ്റ്റാൻഡും സമാനമായ രീതിയിൽ നവീകരിക്കാൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്.
ഇതിനായി കോയമ്പത്തൂർ മുനിസിപ്പൽ കോർപറേഷൻ ചെന്നൈ ഐഐടി വിദഗ്ധ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സിംഗനല്ലൂർ, മേട്ടുപ്പാളയം റോഡിലെ സായിബാബകോവിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കാൻ നഗരസഭാ ഭരണസമതി തീരുമാനിച്ചു.