പൈപ്പിന്റെ തകരാർ പരിഹരിച്ചു
1492716
Sunday, January 5, 2025 7:01 AM IST
ഒറ്റപ്പാലം: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് പരിഹരിച്ചു. വാണിയംകുളം-വല്ലപ്പുഴ റോഡിൽ രണ്ടിടങ്ങളിലെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടിയതാണ് നന്നാക്കിയത്. പ്രധാന പൈപ്പുകൾ പൊട്ടിയതോടെ കുടിവെള്ളം റോഡിൽക്കൂടി പരന്നൊഴുകിയിരുന്നു.
മിനിപ്പടി ഭാഗത്തും പനയൂർപാടം സ്റ്റോപ്പിനുസമീപവുമാണ് ജൽജീവൻ മിഷന്റെ കുടിവെള്ള പൈപ്പുകൾ പൊട്ടിയത്. പനയൂർപാടം സ്റ്റോപ്പിന് സമീപത്തായി കുടിവെള്ളപൈപ്പ് പൊട്ടി വെള്ളമൊഴുകുന്ന ഭാഗത്ത് കഴിഞ്ഞദിവസം ലോറി കുടുങ്ങിയിരുന്നു.
കുടിവെള്ളം റോഡിലൂടെ ഒഴുകുന്നതുകൊണ്ട് കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രികർക്കും ഇതുവഴി യാത്രചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. വിതരണംചെയ്യുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പൈപ്പുവഴിയുള്ള വെള്ളം ഉപയോഗിച്ചാൽ പൈപ്പ് പൊട്ടൽ ഒരുപരിധിവരെ കുറയുമെന്ന് ജൽജീവൻ മിഷൻ അധികൃതർ പറയുന്നു.