വട്ടപ്പാറയിൽ കൃഷിയിടത്തിൽ കാട്ടാനവിളയാട്ടം; ഒരാഴ്ചയായിട്ടും കാടുകയറ്റാനായില്ല
1492717
Sunday, January 5, 2025 7:01 AM IST
പാലക്കയം: കുടിയേറ്റ മേഖലയായ പാലക്കയം വട്ടപ്പാറയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. വട്ടപ്പാറ കോയിക്കൽ ജോസിന്റെ കമുകിൻ തൈകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പതിനാറുപറയിൽ ബോസ്, കുറുന്തോടം ബിനോയ്, കൊരക്കാല ഔസേപ്പച്ചൻ, കുരങ്ങനാനി പാപ്പച്ചൻ തുടങ്ങിയവരുടെ കമുകും തെങ്ങുകളും നശിപ്പിച്ചു.
പ്രദേശത്ത് കാട്ടാനകൾ ഉള്ളതിനാൽ റബർ ടാപ്പിംഗിനുപോലും കഴിയുന്നില്ല. പ്രദേശത്തുവർ പലരും ഭയന്നിട്ടാണ് രാത്രി വീടുകളിലേയ്ക്ക് പോകുന്നത്. കാടിനുള്ളിൽ മറഞ്ഞു നിൽക്കുന്ന കാട്ടാനയെ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്.
പലപ്പോഴും ഓടി മാറാൻ പോലും കഴിയാറില്ല. ദ്രുത കർമസേന സ്ഥലത്തെത്തിയെങ്കിലും ആനകളെ വനത്തിലേയ്ക്ക് കയറ്റിവിടാൻ ആയില്ല. കുടിവെള്ള പൈപ്പുകൾ തകർത്തതുമൂലം 15 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. 10 ഏക്കർ സ്ഥലത്തെ തെങ്ങ്, കമുക്, വാഴ, ജാതി തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇഞ്ചിക്കുന്നിൽ രാത്രി 7 മണിയോടെ കാട്ടുപന്നിക്കൂട്ടം ശിരുവാണി റോഡിലൂടെ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയും ചെയ്തു. കട അടച്ച് ബൈക്കിൽ വീട്ടിലേയ്ക്ക് വരുകയായിരുന്ന സാജൻ എതിരെ വന്ന പന്നിക്കൂട്ടത്തെ കണ്ട് ബൈക്ക് നിർത്തി ഓടിമാറിയതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തരുപ്പപ്പതി, വഴിക്കടവ്, ചീനിക്കപ്പാറ, അച്ചിലട്ടി, കുണ്ടംപൊട്ടി, മുണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്. മാൻ, പുലി, കരടി, കുരങ്ങ്, തുടങ്ങിയവയും പ്രദേശത്ത് സ്ഥിരമായുണ്ട്. പലരുടേയും ആടുകളേയും നായകളേയും പുലിപിടിച്ചുകൊല്ലുന്നതും കൊണ്ടുപോകുന്നതും പതിവാണ്.
വനംവകുപ്പ് പുലിയെപിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. വനാതിർത്തിയിൽ ട്രഞ്ച് നിർമിച്ച് കാട്ടാനകളെ കൃഷിയിടത്തിൽ ഇറങ്ങുന്നതിൽ നിന്നും തടയണമെന്നും കൃഷിയിടത്തിൽ എത്തുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ കർഷകർക്ക് അധികാരം നൽകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.