നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ ശീതകാല പച്ചക്കറി വിളവെടുപ്പ്
1492722
Sunday, January 5, 2025 7:01 AM IST
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറികൃഷി വിളവെടുപ്പ് തുടങ്ങി. തരിശായി കിടക്കുന്ന കൂടുതൽ പ്രദേശത്തും ഓറഞ്ച് ചെടികൾക്കിടയിൽ തനിവിളയായും ഇടവിളയായുമാണ് ആറേക്കറിലധികം സ്ഥലത്താണ് അധികമായി പച്ചക്കറികൃഷി ചെയ്തിട്ടുള്ളത്.
കിഴങ്ങുവർഗങ്ങളും പയറുവർഗങ്ങളിലുമായി കാബേജ്, കോളിഫ്ളവർ, ബീൻസ്, ബ്രോക്കോളി, ചൈനീസ് കാബേജ്, ഗ്രീൻപീസ്, നോൾകോൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, കൂർക്ക, ഉരുളക്കിഴങ്ങ്, ലെറ്റിയൂസ് തുടങ്ങി 13-ലധികം ഇനം പച്ചക്കറികളാണ് കൃഷിയിറക്കിയിട്ടുള്ളത്. പൂർണമായും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മൾച്ചിംഗ്, വളവും വെള്ളവും ഒന്നിച്ച് നൽകുന്ന തുള്ളിനന, പോളി ഹൗസ് തുടങ്ങി ഇസ്രയേൽ മാതൃകയിലുള്ള കൃഷിരീതിയായതിനാൽ കള-കീടബാധ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ചെടികൾക്കാവശ്യമായ വിധത്തിൽ പരിചരണം നടത്താനും കഴിഞ്ഞെന്ന് ഫാം സൂപ്രണ്ട് പി. സാജിദ് അലി പറഞ്ഞു.
നൂതന പച്ചക്കറി കൃഷി രീതികളെക്കുറിച്ച് കർഷകർക്ക് നേരിട്ടറിയാനുള്ള സൗകര്യവും ഫാമിൽ ഒരുക്കിയിട്ടുണ്ട്. രണ്ടുമാസമായി വിളവെടുപ്പ് ആരംഭിച്ച പച്ചക്കറികൾ ഫാമിനുള്ളിലെ വില്പന കേന്ദ്രംവഴി വിറ്റഴിക്കുന്നു. വിഎഫ്പി.സികെ നിശ്ചയിച്ചിട്ടുള്ള വിലയിലായതിനാൽ കൂടുതൽപ്പേർ പച്ചക്കറി വാങ്ങാനെത്തുന്നുണ്ട്. കഴിഞ്ഞവർഷം 17.5 ടൺ പച്ചക്കറിയാണ് ഫാമിൽ ഉത്പാദിപ്പിച്ചത്. ഇത്തവണ കൃഷി കൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കയും കൂടുതൽ ഇനങ്ങൾ കൃഷിയിറക്കുകയും ചെയ്തതോടെ 20 ടണ്ണിലധികം വിളവെടുക്കാനാകുമെന്ന് അതികൃതർ പറഞ്ഞു.
ഫാം സന്ദർശന പ്രവേശനഫീസും ഫാമിലെ മൂല്യവർധിത ഉത്പന്നങ്ങളുടെയും പച്ചക്കറിയുടെയും വില്പനയിലൂടെയും അധികവരുമാനം നേടി. ക്രിസ്മസ് അവധിക്കാലത്ത് 10,000 ലേറെ പേർ ഫാം സന്ദർശിച്ചതായും കഴിഞ്ഞ ഞായറാഴ്ച 2422 പേരുടെ സന്ദർശനവും 1.41 ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചതായി അധികൃതർ പറഞ്ഞു.