ജില്ലയിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 2408 മയക്കുമരുന്ന് കേസുകൾ
1492721
Sunday, January 5, 2025 7:01 AM IST
പാലക്കാട്: ജില്ലയിൽ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും തടയുന്നതിനും ജില്ലാ പോലീസ് സ്വീകരിച്ചത് കർശന നടപടി. കഴിഞ്ഞ വർഷം 2408 മയക്കുമരുന്ന് കേസാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. വിവിധ സംഭവങ്ങളിലായി 2454 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതിന് 2169 പേർക്കെതിരെയും ജില്ലാ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
1200 കിലോ കഞ്ചാവ്, 109 കഞ്ചാവ് ചെടികൾ, 652.708 ഗ്രാം എംഡിഎംഎ, 112.94 ഗ്രാം ബ്രൗണ് ഷുഗർ, 2182 കഞ്ചാവ് ബീഡി, ആംഫിറ്റമിൻ 26.71 ഉൾപ്പെടെ പോലീസ് കണ്ടുകെട്ടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതിന് ലക്ഷ്വറി വാഹനം ഉൾപ്പടെ 20 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തിട്ടുമുണ്ട്. സ്ഥിരം മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്നവരെ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനവും ജില്ലാ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 135 പ്രതികളുടെ ലിസ്റ്റ് ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികൾ കുറ്റകൃത്യങ്ങളിൽ നിരന്തരം ഇടപെടുന്നത് തടയുന്നതിനായി 163 പേർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്്ഷൻ 126 പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
25 പേർക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ പ്രതിചേർക്കപ്പെട്ട 11 പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. മയക്കുമരുന്ന് കേസുകളിൽപെട്ട മൂന്ന് പ്രതികളുടെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകളിൽ വാഹനങ്ങളും രണ്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
ഇതിനുപുറമെ മയക്കുമരുന്ന് കേസുകളിൽ പെട്ട് കസ്റ്റഡിയിലെടുത്ത 23 വാഹനങ്ങൾ പരസ്യമായി ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടച്ചു. കാന്പസുകൾ ലഹരി മുക്തമാക്കുന്നതിനും ബോധവത്കരണം ഉൾപ്പടെ വിവിധ പരിപാടികളും ജില്ലാ പോലീസ് സ്വീകരിച്ച് വരുന്നു. 165 സ്കൂളുകളിലും 64 കോളജുകളിലുമായി പോലീസ്, അധ്യാപകർ, പിടിഎ മെംബർമാർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ അടങ്ങിയ യോദ്ധാവ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. 229 അധ്യാപകർക്ക് ഇതിനായി പരിശീലനം നൽകിയിട്ടുമുണ്ട്. ഈ അധ്യാപകർ വഴി മയക്കുമരുന്ന് ഇരകളെ കണ്ടെത്തി ബോധവത്കരണം നടത്തുന്നതിനുള്ള പരിപാടികളും നടന്നുവരുന്നുണ്ട്.