നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ മേയ് 31 നകം നീക്കും: മന്ത്രി രാജേഷ്
1492293
Saturday, January 4, 2025 12:17 AM IST
പാലക്കാട്: നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ബയോ മൈനിംഗ് പ്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പ്രവൃത്തികൾ മെയ് 31നകം പൂർത്തീകരിക്കാനാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൂട്ടുപാതയിലെ നഗരസഭാ മാലിന്യ പ്ലാന്റിൽ നടക്കുന്ന മാലിന്യ നിർമാർജന പ്രവൃത്തികൾ നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 20 ഇടങ്ങളിൽ ഇത്തരത്തിൽ മാലിന്യ നീക്കം നടത്തുന്നുണ്ട്. മാലിന്യമുക്ത നവകേരളം കാന്പയിനിലൂടെ വലിയ മാറ്റമാണ് കേരളത്തിൽ നടക്കുന്നത്. ഗുരുവായൂരിലെ ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന മാലിന്യ സംസ്കരണ കേന്ദ്രം ഇന്ന് പൂങ്കാവനമായത് പോലെ കുപ്പക്കാട് എന്നറിയപ്പെടുന്ന പാലക്കാട്ടെ ട്രഞ്ചിംഗ് ഗ്രൗണ്ടിനും മാറ്റം വരും. മാലിന്യ നിർമാർജനത്തിലൂടെ എക്കർ കണക്കിന് ഭൂമി വീണ്ടെടുക്കാനാവും.
മാലിന്യനിർമാർജനത്തിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാവുന്നത് എന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർപേഴ്സണ് പ്രമീളാ ശശിധരൻ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികൾ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.