ഇടിഞ്ഞമലയിൽ യുവാവിന്റെ ആത്മഹത്യ; ഓൺലൈൻ തട്ടിപ്പിനിരയായെന്നു ബന്ധുക്കൾ
1492056
Friday, January 3, 2025 1:45 AM IST
അഗളി: അട്ടപ്പാടി ഇടിഞ്ഞമല മുണ്ടക്കൽ വീട്ടിൽ സനൽകുമാർ (35) ആത്മഹത്യ ചെയ്ത സംഭവം ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയെന്നു ബന്ധുക്കൾ ആരോപിച്ചു.
മരണശേഷം യുവാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഓൺലൈൻ തട്ടിപ്പ് ബന്ധുക്കൾക്കു ബോധ്യമായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ അഗളി പോലീസിൽ പരാതി നൽകി. ഡിസംബർ 28നാണ് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ വായ്പാസ്ഥാപനത്തിൽ പണമടച്ചാണ് യുവാവ് വഞ്ചിക്കപ്പെട്ടത്. വായ്പ ലഭിക്കുന്നതിനായി കമ്പനി മുന്നോട്ടുവച്ച നിബന്ധനകൾക്കു അനുസൃതമായി 65,000 ത്തോളം രൂപ യുവാവ് അടച്ചു.
ബന്ധുക്കളിൽ നിന്നും മറ്റും സ്വർണ്ണവും പണവും കടം വാങ്ങിയാണ് തുകയടച്ചത്. മണിക്കൂറുകൾക്കുള്ളിൽ അടച്ച പണവും വായ്പാതുകയും അക്കൗണ്ടിൽ ലഭിക്കുമെന്നായിരുന്നു കമ്പനി നൽകിയ വാഗ്ദാനം. എന്നാൽ യുവാവ് അടച്ച തുക കമ്പനി പിൻവലിക്കുകയും പിന്നീട് കമ്പനി മൊബൈലുകൾ നിശ്ചലമാവുകയുമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
തന്റെ സാമ്പത്തിക പരാധീനതകളും ബന്ധുക്കൾക്കു നൽകാനുള്ള ബാധ്യതകളും നിരത്തി പണം ലഭിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നു കമ്പനിക്ക് അയച്ച ശബ്ദസന്ദേശവും സനൽകുമാറിന്റെ മൊബൈൽ ഫോണിലുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.