ദൈവവിളിയുണ്ടാവുക പരസ്പരസ്നേഹമുള്ള കുടുംബങ്ങളിൽനിന്ന്: മാർ മനത്തോടത്ത്
1492050
Friday, January 3, 2025 1:45 AM IST
വടക്കഞ്ചേരി: ദൈവവിളികളുണ്ടാവുക പരസ്പരസ്നേഹമുള്ള കുടുംബങ്ങളിൽനിന്നാണെന്നും ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാണ് വൈദികരെന്നും ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ബോധി പ്പിച്ചു.
കണിച്ചിപരുത വചനഗിരി സെന്റ് ജോർജ് ഇടവകാംഗം ഡീക്കൻ അരുൺ വാളിപ്ലാക്കലിന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ കൈവയ്പ് ശുശ്രൂഷയിൽ സന്ദേശം നൽകുകയായിരുന്നു മാർ മനത്തോടത്ത്.
ദൈവത്തോടു ഒട്ടിനിൽക്കുന്ന ശാഖകളായി സ്നേഹത്തിൽ നിലനിൽക്കാൻ കഴിയണം. വിശുദ്ധരായ വൈദികരും സമർപ്പിതരുമുണ്ടാകാൻ തീക്ഷ്ണമായ പ്രാർഥന വേണം. പ്രാർഥിച്ചാൽ ഫലമുണ്ടാകും- ബിഷപ് പറഞ്ഞു.
കൈവയ്പ്പ് ശുശ്രൂഷയിൽ കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിൽ ആർച്ച്ഡീക്കനായി. ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസർ ഫാ. ജെയ്മോൻ പള്ളിനീരാക്കൽ സഹകാർമികനായിരുന്നു. തിരുപ്പട്ടം സ്വീകരിച്ച നവവൈദികനു രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആശംസകൾ നേർന്നു.
തുടർന്ന് നവവൈദികൻ പ്രഥമ ദിവ്യബലിയർപ്പണം നടത്തി. ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ, റവ.ഡോ. റോബി കൂന്താനിയിൽ, ഫാ. ഡെബിൻ ആക്കാട്ട്, ഫാ. ലീരാസ് പതിയാൻ എന്നിവർ സഹകാർമികരായിരുന്നു.
ദേവാലയത്തിന്റെ പുനർനിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു ശുശ്രൂഷകൾ നടന്നത്.
പൗരോഹിത്യ ശുശ്രൂഷകൾക്കെത്തിയ മാർ മനത്തോടത്തിനെയും ഡീക്കൻ അരുൺ വാളിപ്ലാക്കലിനെയും വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ ഷിബു ഊന്നുപാലത്തിങ്കൽ, ബെന്നി പൊരിയത്ത്, തിരുപ്പട്ട സ്വീകരണ കൺവീനർ ജോസഫ് മുണ്ടാട്ടുചുണ്ടയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവകസമൂഹം സ്വീകരിച്ചാണ് ദേവാലയത്തിലേക്ക് ആനയിച്ചത്. വചനഗിരി ഇടവകയിലെ വാളിപ്ലാക്കൽ ആന്റണി മാനുവൽ - ബിജി ദമ്പതികളുടെ മകനാണ് ഡീക്കൻ അരുൺ വാളിപ്ലാക്കൽ. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.