പോത്തുണ്ടി ഡാമിലെ ഷട്ടർതകരാർ പരിഹരിച്ചു: ജലവിതരണം തുടങ്ങി
1492055
Friday, January 3, 2025 1:45 AM IST
നെന്മാറ: ഇടതുകര കനാലിലൂടെ ജലസേചനം നടത്താൻ കഴിയാത്ത വിധം തകരാറിലായ പോത്തുണ്ടി ഡാമിലെ ഷട്ടറിന്റെ തകരാർ പരിഹരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി ജലവിതരണം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.
മലമ്പുഴ മെക്കാനിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ തൃശൂരിൽനിന്ന് എത്തിച്ച രണ്ടു മുങ്ങൽ വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി. മുങ്ങൽ വിദഗ്ധർ ഏറെ പണിപ്പെട്ടാണ് തകരാർ കണ്ടെത്തി ഷട്ടർ ഉയർത്തിയത്.
രാവിലെ പത്തിനു തുടങ്ങിയ പണികൾ വൈകുന്നേരം അഞ്ചോടെയാണ് പൂർത്തിയാക്കിയത്. അഞ്ചരയോടെ ഇടതുകര കനാലിലൂടെ ജലവിതരണവും തുടങ്ങി. മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ ഓവർസിയർമാരായ വിഗ്നേഷ്, ഫയാസ് എന്നിവരും പോത്തുണ്ടി ഹെഡ് വർക്സ് സെക്്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി. പ്രമോദ്, ഓവർസിയർ രമേഷ് എന്നിവരും മറ്റു ജീവനക്കാരും തകരാർ പരിഹരിക്കുന്നതിനു നേതൃത്വം നൽകി.