എളവമ്പാടം ആർപിഎസിൽ റബർഷീറ്റ് സംഭരണം തുടങ്ങി
1492053
Friday, January 3, 2025 1:45 AM IST
വടക്കഞ്ചേരി: റബർ ബോർഡ് കമ്പനിയായ ഭാരതപ്പുഴ റബേഴ്സിന്റെ സഹകരണത്തോടെ എളവമ്പാടം മാതൃകാ റബർ ഉത്പാദകസംഘത്തിൽ കർഷകരിൽനിന്നും റബർഷീറ്റ് സംഭരിക്കൽ ആരംഭിച്ചു.
സംഭരണത്തിന്റെ ഉദ്ഘാടനം റബർബോർഡ് പാലക്കാട് ഡെപ്യൂട്ടി റബർ പ്രൊഡക്്ഷൻ കമ്മീഷണർ പ്രേമലത നിർവഹിച്ചു.
ഭാരതപ്പുഴ റബേഴ്സ് എംഡി ഷിബു, റബർ ബോർഡ് ഫീൽഡ് ഓഫീസർ മങ്കയാർ കറസി, സംഘം പ്രസിഡന്റ് പി.വി. ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇതാദ്യമായാണ് സംഘത്തിൽ റബർഷീറ്റ് സംഭരണം നടക്കുന്നത്.
ആർഎസ്എസ് ഫോർ 190 രൂപ നിരക്കിലും ഒട്ടുപാൽ 129 രൂപ നിരക്കിലുമാണ് ഇന്നലെ കർഷകരിൽനിന്നും ഷീറ്റെടുത്തത്.
ഷീറ്റിന്റെ വില അപ്പോൾ തന്നെ കർഷകരുടെ അക്കൗണ്ടിലേക്കു നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ ഏഴിടത്താണ് ഇത്തരത്തിലുള്ള സംഭരണം ആരംഭിക്കുന്നത്. കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതിനൊപ്പം ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനു കൂടിയാണ് ഈ പുതിയ സംരംഭം ലക്ഷ്യം വക്കുന്നത്.