കൊല്ലങ്കോടിന്റെ മനോഹാരിത ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ പ്രവാഹം
1492290
Saturday, January 4, 2025 12:17 AM IST
കൊല്ലങ്കോട്: പ്രകൃതി മനോഹാരിതയും മലനിരകളും കൊണ്ട് മനോഹരമായ കൊല്ലങ്കോട് ഗ്രാമസന്ദർശനത്തിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും സന്ദർശകരുടെ പ്രവാഹം. അവധിദിനങ്ങൾ, ഞായറാഴ്ചകൾ, വിശേഷദിനങ്ങൾ എന്നീ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് എത്തുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ സുന്ദരഗ്രാമമായി കൊല്ലങ്കോടിനെ തെരഞ്ഞെടുത്തതോടെയാണ് ജനശ്രദ്ധ സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ അതിർത്തി മലനിരകൾക്കു താഴെയുള്ള കൊല്ലങ്കോട്ടേയ്ക്ക് എത്തിയത്.
ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രം, സീതാർകുണ്ട് വെള്ളച്ചാട്ടം, താമരപ്പാടം വ്യൂ പോയിന്റ്, ചെല്ലപ്പൻ ചേട്ടന്റെ ചായക്കട, അയ്യപ്പേട്ടന്റെ ഭക്ഷണശാല, തേക്കിൻചിറ ഉൾപ്പെടെ ഗ്രാമീണപാതകൾക്ക് ഇരുവശത്തും പച്ചപ്പരവതാനി വിരിച്ച വയലുകളും സന്ദർശക മനസുകളെ കുളിരണിയിക്കുന്നു.
വർധിച്ചുവരുന്ന സന്ദർശകരുടെ വരവിന് ആനുപാതികമായി ഇവിടെ വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും നിർമിക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ ദൂരദിക്കിൽ നിന്നും വരുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് വഴിയോര വീടുകളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്.
അയൽസംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ ഒഴിവുദിനങ്ങൾ ചെലവഴിക്കാൻ കൊല്ലങ്കോട്ട് എത്തുന്നതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തധികൃതരും ജില്ലാഭരണകൂടവും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.