ഇരട്ടസഹോദരങ്ങൾക്കു വീടൊരുക്കി പള്ളിക്കുറുപ്പ് ശബരി സ്കൂൾ
1492291
Saturday, January 4, 2025 12:17 AM IST
പള്ളിക്കുറുപ്പ്: ശബരി ഹയർ സെക്കൻഡറി സ്കൂളിലെ ചാരിറ്റി ഗ്രൂപ്പായ പാഥേയം ടീമിന്റെ നേതൃത്വത്തിൽ നിർധനരായ ഇരട്ട സഹോദരങ്ങൾക്ക് സ്നേഹക്കൂടൊരുക്കി സമൂഹത്തിന് മാതൃകയായി. വി.കെ. ശ്രീകണ്ഠൻ എംപി ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാറിന്റെ സാനിധ്യത്തിൽ വീടിന്റെ താക്കോൽ കുട്ടികൾക്ക് കൈമാറി.
നാട്ടുകാർ, പിടിഎ അംഗങ്ങൾ, വിരമിച്ച അധ്യാപകർ,
പൂർവ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഇതോടൊപ്പം പ്രതിഭാധനരായ വിദ്യാർഥികളുടെ ഉന്നതിക്കായുള്ള ഫ്ളെയിംസ് പദ്ധതിയുടെ ഉദ്ഘാടനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാർ നിർവഹിച്ചു.
കൂടാതെ കലാപരിപോഷണ പദ്ധതിയായ സർഗം ആർട്സ് അക്കാദമിയുടെ ഉദ്ഘാടനം എംപിടിഎ പ്രസിഡന്റും കാരാകുർശി ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി. ജസീറ നടത്തി.
വീടിന്റെ കരാറുകാരൻ ഗണേഷിനെ ശബരി ചാരിറ്റബിൾ ട്രസ്റ്റി പി. ശ്രീകുമാറും പ്രിൻസിപ്പൽ എ. ബിജുവും ചേർന്ന് ആദരിച്ചു.
പിടിഎ പ്രസിഡന്റ് നസറുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ കെ. രാമകൃഷ്ണൻ, പ്രിൻസിപ്പൽ എ. ബിജു, അക്കാദമിക്ക് കോ- ഓർഡിനേറ്റർ കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർ റിയാസ് നാലകത്ത്, വാർഡുമെംബർമാരായ ജയകൃഷ്ണൻ, പ്രിയ നാരായണൻകുട്ടി, പാഥേയം കണ്‍വീനർ പി. വിദ്യ എന്നിവർ പ്രസംഗിച്ചു.