കേരള വനനിയമ ഭേദഗതിക്കെതിരേ ഇന്ന് കാഞ്ഞിരത്ത് കർഷക ഫ്രീഡം മാർച്ച്
1492295
Saturday, January 4, 2025 12:17 AM IST
പാലക്കാട്: കേരളാ വനനിയമ ഭേദഗതിയിലെ ജനവിരുദ്ധ, കർഷകവിരുദ്ധ വശങ്ങളെ ചൂണ്ടിക്കാട്ടിയും, നീതിയില്ലാത്ത നിയമത്തെ തീയിലിടാൻ ആഹ്വാനം ചെയ്തും സംസ്ഥാനവ്യാപകമായി കിഫ സംഘടിപ്പിക്കുന്ന ഫ്രീഡം മാർച്ചിന്റെ ജില്ലാതല മാർച്ചും പൊതുസമ്മേളനവും കാഞ്ഞിരത്ത് ഇന്ന് വൈകുന്നേരം നാലിന് നടത്തും. ജില്ലയുടെ എല്ലാ മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിന് കർഷകരും സാധാരണ ജനവും ഫ്രീഡം മാർച്ചിന്റെ ഭാഗമാകും.
വൈകുന്നേരം നാലിന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഫ്രീഡം മാർച്ച് കാഞ്ഞിരം സെന്ററിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ലാത്ത വനംവകുപ്പിന് കടിഞ്ഞാണിടാൻ ജനപ്രതിനിധികൾക്കും സർക്കാരിനും കഴിയില്ലെങ്കിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കർഷകന്റെ വഴികൾ സ്വീകരിക്കാൻ മലയോരവാസികളെ നിർബന്ധിക്കരുതെന്ന് പ്രഖ്യാപിക്കാനാണ് ജനം ഫ്രീഡം മാർച്ചിന്റെ ഭാഗമാകുന്നത് എന്ന് സംഘാടകർ അവകാശപ്പെട്ടു. പൂർവികർ ത്യാഗം ചെയ്തും ജീവൻ കൊടുത്തും നേടിയ സ്വാതന്ത്ര്യം ഫോറസ്റ്റ് രാജിന് അടിയറവയ്ക്കാൻ ഒരുക്കമല്ല എന്ന ആഹ്വാനമാണ് ഫ്രീഡം മാർച്ച് എന്ന് കിഫ പ്രതിനിധികൾ വ്യക്തമാക്കി.
കേരളത്തിന്റെ മലയോര ജനതയുടെ നെഞ്ചിൽ തറച്ച അവസാന ആണിയാണ് സംസ്ഥാന സർക്കാർ നവംബറിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരളാ വനനിയമ ഭേദഗതി 2024. വനത്തിനു പുറത്തും വനംവകുപ്പിന് അമിതാധികാരം നല്കുന്നത് മാത്രമല്ല, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നിറഞ്ഞതുമാണ് നിലവിൽ വന്നിരിക്കുന്ന ഭേദഗതി. ഒരു ഗതിയും ഇല്ലാത്ത കർഷകന്റ കയ്യിൽ കാട്ടുനീതിയുടെ കയ്യാമം വെക്കുന്നതാണ് പുതിയ ഭേദഗതി. കേരള ഫോറസ്റ്റ് നിയമ ഭേദഗതി 2024 അങ്ങേയറ്റം ജനദ്രോഹപരവും, നാട്ടിൽ ഫോറസ്റ്റ് വകുപ്പിന്റെ ഗുണ്ടാരാജിന് വഴി വെക്കുന്നതുമാണ്. കർഷകർക്ക് ഒപ്പമെന്ന് പറയുകയും എന്നാൽ കർഷകന് മരണവാറന്റ് ഇറക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാർ ഈ നിയമ ഭേദഗതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
കാട്ടിലെ നിയമം നാട്ടിൽ നടപ്പാക്കാൻ വഴിവെട്ടൽ മാത്രമല്ല, പോലീസിന് പോലുമില്ലാത്ത അവകാശ അധികാരങ്ങൾ അധികമായി ചാർത്തിക്കൊടുക്കുന്നത് കൂടിയാണ് പുതിയ ഭേദഗതി. ഇത്തരം കരിനിയമങ്ങൾക്കെതിരെ കണ്ണു തുറക്കാത്ത ജനപ്രതിനിധികളും ഉത്തരവാദിത്വപ്പെട്ടവരും ജനാധിപത്യ സമൂഹത്തിന് കളങ്കമാണ് എന്ന് പറയാനുള്ള ആർജവം ഇവിടുത്തെ കർഷക സമൂഹം കാണിക്കണം എന്ന് കിഫ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കിഫ ചെയർമാർ അലക്സ് ഒഴുകയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ സ്വാഗതവും, ഫാ. സജി ജോസഫ് വിഷയാവതരണവും നടത്തും. അബ്ബാസ് ഒറവഞ്ചിറ, അഡ്വ.കെ.ടി. തോമസ്, ബോബി ബാസ്റ്റിൻ, രമേശ് ചേവക്കുളം എന്നിവർ പ്രസംഗിക്കും.