വൈദികർ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ വിളിക്കപ്പെട്ടവർ: രാജകോട്ട് രൂപതാധ്യക്ഷൻ മാർ ജോസ് ചിറ്റുപറമ്പിൽ
1491767
Thursday, January 2, 2025 1:14 AM IST
കാഞ്ഞിരപ്പുഴ: വൈദികർ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ വിളിക്കപ്പെട്ടവരാണെന്നു രാജ്കോട്ട് രൂപതാധ്യക്ഷൻ മാർ ജോസ് ചിറ്റുപറമ്പിൽ.
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഡീക്കൻ ആൽബിൻ ജെ. മാത്യു പതുപ്പള്ളിലിന്റെ പൗരോഹിത്യ ശുശ്രൂഷാകർമ്മം നിർവഹിക്കുകയായിരുന്നു ബിഷപ്.
ഇന്നലെ രാവിലെ ഒമ്പതിന് ബിഷപിനെയും ഡീക്കൻ ആൽബിൻ ജെ. മാത്യുവിനെയും കുടുംബാംഗങ്ങളെയും ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. നിവിൻ, കൈക്കാരന്മാരായ ഷിന്റോ മാവറയിൽ, ജെക്കോപോൾ കിഴക്കേത്തല പൂവത്തിങ്കൽ, ജനറൽ കൺവീനർ ജോർജ് നമ്പൂശ്ശേരിൽ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സിസ്റ്റേഴ്സും ഇടവക ജനങ്ങളും പള്ളിയിലേക്ക് ആനയിച്ചു.
പൗരോഹിത്യശുശ്രൂഷയ്ക്കു സഹകാർമികരായി ഫാ. ജിബിൻ കണ്ടത്തിൽ, ഫാ. സുരേഷ് പള്ളിവാതുക്കൽ, ഫാ. ജോഷി കളത്തിൽ, രാജ്കോട്ട് രൂപത വികാരി ജനറാൾ ഫാ. ജോയിച്ചൻ പറഞ്ഞാട്ട്, രാജ്കോട്ട് രൂപത ചാൻസലർ ഫാ. റോജന്റ് കളപ്പുരക്കൽ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.
രാജ്കോട്ട് രൂപതയിലെ വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ സന്നിഹിതരായിരുന്നു. തുടർന്ന് ആൽബിൻ ജെ. മാത്യു പതുപ്പള്ളിലിന്റെ പ്രഥമ ദിവ്യബലി അർപ്പണവും പ്രാർഥനാ ശുശ്രൂഷകളും സ്നേഹവിരുന്നുമുണ്ടായി.