പാലക്കുഴി മനോഹരി
1491768
Thursday, January 2, 2025 1:14 AM IST
വടക്കഞ്ചേരി: ജൈവഗ്രാമമായ പാലക്കുഴിയെ പുറംലോകത്തിനു പരിചയപ്പെടുത്താനും പാലക്കുഴിയുടെ ടൂറിസംവികസനം മെച്ചപ്പെടുത്തുന്നതിനുമായി നാല്, അഞ്ച് തീയതികളിലായി പാലക്കുഴി പള്ളി മൈതാനത്തു നടക്കുന്ന പാലക്കുഴി ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്നു സംഘാടകർ അറിയിച്ചു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളുടെ പ്രദർശനം, മറ്റു കൃഷി വിസ്മയങ്ങൾ, പ്രഫഷണൽ കലാകാരൻമാരുടെ സ്റ്റേജ് പരിപാടികൾ, കരുത്ത് മാറ്റുരക്കുന്ന പ്രമുഖ ടീമുകളുടെ വടംവലി മത്സരം, വിവിധയിനം ഭക്ഷണ വിഭവങ്ങൾ, വിത്തിനങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി മലമ്പ്രദേശത്ത് സംഘടിപ്പിക്കുന്നത്.
ചാർളി മാത്യു ചെയർമാനും പഞ്ചായത്ത് മെംബർ പോപ്പി ജോൺ ജനറൽ കൺവീനറും ജോസ് ഊന്നുപാലം, സാബു വർഗീസ്, ലിജു കോണ്ടൂർ, രാജേഷ്, റോയ് ജെക്കബ്, അജയ്, ജൂബി ജോർജ്, സോമൻ ചീരക്കുഴി എന്നിവരുൾപ്പെടുന്ന ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 27 അംഗ ജനറൽ കമ്മിറ്റിയുമാണ് ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിക്കാൻ മനസുള്ള കുടിയേറ്റ കർഷകരുടെ സ്വപ്നഭൂമിയാണ് സമുദ്രനിരപ്പിൽ നിന്നും ആയിരത്തഞ്ഞൂറ് അടി ഉയരമുള്ള മലമ്പ്രദേശമായ പാലക്കുഴി എന്ന ജൈവ ഗ്രാമം.
റബറിനും കുരുമുളകിനും വാഴയ്ക്കും കാപ്പിക്കും ഏലത്തിനുമെല്ലാം വളക്കൂറുള്ള മണ്ണ്. കുടിയേറ്റ കർഷകന്റെ അധ്വാനം നിറഞ്ഞുനിൽക്കുന്ന ഹരിത ഭൂമിക. ആകാശത്തിന്റെ മേൽത്തട്ട് പാലക്കുഴിയാണെന്ന് തോന്നിപ്പിക്കും വിധം ഉയർന്നു നിൽക്കുന്ന പ്രദേശം.
പീച്ചി വനത്തോടു ചേർന്നുകിടക്കുന്ന ഭൂപ്രദേശം. വിളകൾക്കെല്ലാം സമൃദ്ധി സമ്മാനിക്കുന്ന പാലക്കുഴി ഒരുകാലത്ത് കർഷകന്റെ സ്വകാര്യ അഹങ്കാരമായിരുന്നു.
പാലക്കുഴിയിൽ തോട്ടമുണ്ടെന്നു പറഞ്ഞാൽ കർഷകർക്കിടയിൽ ലഭിച്ചിരുന്ന അംഗീകാരം ചെറുതായിരുന്നില്ല.
നട്ടുച്ചയ്ക്കും തണുപ്പിന്റെ സുഖമുള്ള നാട്. കാലാവസ്ഥയിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇന്നും പാലക്കുഴിയുടെ പച്ചപ്പിന് വലിയ മാറ്റങ്ങളൊന്നുമില്ല.
പാലക്കുഴിക്കാരുടെ പ്രധാന വരുമാന മാർഗമായ കുരുമുളകിന്റെ വിളവെടുപ്പ് ആരംഭിക്കാനിരിക്കെ പ്രതീക്ഷകളുടെയും കണക്കുകൂട്ടലുകളുടെയും മനകണക്കുകളിലാണ് മലയോര കുടിയേറ്റ കർഷകരെല്ലാം.
കുരുമുളകിന്റെ വിളവും വിലയും ഉയർന്നു നിന്നെങ്കിലെ കണക്കുകൂട്ടലുകൾ ശരിയാകൂ. കടങ്ങളും മറ്റു ബാധ്യതകളും തീർക്കാൻ കുരുമുളക് തന്നെയാണ് ആശ്രയം. മുളകിന്റെ വിളവും വിലയുമെല്ലാം ഈ ജൈവഗ്രാമത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അളവുകോലുകളാണ്.
മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടുപണി, വാഹനം വാങ്ങൽ തുടങ്ങി എല്ലാം ഈ കറുത്തമുത്തിനെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
പാലക്കുഴിയിൽ കുരുമുളക് കൃഷിയില്ലാത്ത വീടുകൾ ഉണ്ടാകില്ല. പാലക്കുഴിയും കുരുമുളകും തമ്മിൽ അത്രയേറെ ബന്ധമുണ്ട്.
ഏതു വിളയും നൂറുമേനി വിളവു തരും എന്നതാണ് പാലക്കുഴി മണ്ണിന്റെ പ്രത്യേകത. ഇവിടുത്തെ കർഷകരെല്ലാം ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നതിനാൽ മണ്ണിനെ വിഷം കൊടുത്തുകൊല്ലാൻ ഇവർ തുനിഞ്ഞിട്ടില്ല.
ജൈവവള പ്രയോഗത്തിലൂടെ ജൈവഗ്രാമത്തിന്റെ പരിശുദ്ധിയുണ്ട് പാലക്കുഴിക്ക്. ഇതുകൊണ്ടുതന്നെ പാലക്കുഴിയിലെ ഏത് ഉത്പന്നത്തിനും കൂടുതൽ വിലയും ലഭിക്കും.