വായ്പക്കാർക്കു പുതുവത്സര സമ്മാനം പ്രഖ്യാപിച്ച് ഒറ്റപ്പാലം അർബൻ ബാങ്ക്
1492045
Friday, January 3, 2025 1:45 AM IST
ഒറ്റപ്പാലം: അർബൻ ബാങ്കിലെ വായ്പക്കാർക്കുള്ള പുതുവത്സര സമ്മാനപദ്ധതി ബാങ്ക് ചെയർമാൻ യു. രാജഗോപാൽ പ്രഖ്യാപിച്ചു.
ബാങ്കിൽനിന്നു വായ്പയെടുത്തവരിൽ 2024- 25 സാമ്പത്തിക വർഷത്തിൽ മാസംതോറും മുടക്കമില്ലാതെ കൃത്യമായി വായ്പയുടെ ഗഡു തിരിച്ചടച്ചവർക്ക് തിരിച്ചടച്ച പലിശയുടെ പത്തുശതമാനം ഇൻസെന്റീവായി നൽകും.
ബാങ്കിൽ നടന്ന പുതുവത്സരാഘോഷ പരിപാടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി ജനുവരി 25 മുതൽ നടപ്പിലാക്കും. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വിവിധ കാരണങ്ങളാൽ വായ്പയടക്കാൻ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിനായി ഓഗസ്റ്റ് മാസത്തിൽ അദാലത്തും ബാങ്ക് സംഘടിപ്പിച്ചിരുന്നു. ഇതുവഴി 4.5 കോടി രൂപയുടെ ആനുകൂല്യം ഇടപാടുകൾക്കു നൽകുകയുണ്ടായി. ബാങ്ക് സംഘടിപ്പിച്ച അദാലത്തിൽ 400 ലേറെ പേർ പങ്കെടുത്തിരുന്നു.
ബാങ്കിൽ നടന്ന പുതുവത്സരാഘോഷ പരിപാടിക്ക് മെയിൻ ബ്രാഞ്ച് മാനേജർ പി.കെ. സിന്ധു സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ.എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണി, ഡയറക്ടർ പി.കെ. ഗംഗാധരൻ, ജനറൽ മാനേജർ ഇൻ ചാർജ് സി.എസ്. ബിന്ദു, ടി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഇടപാടുകാർ എന്നിവരും പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്തു.