നിലമ്പൂർ പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ചേക്കും
1492042
Friday, January 3, 2025 1:45 AM IST
ഷൊർണൂർ: ഷൊർണൂർ- നിലമ്പൂർ പാതയിൽ ഇലക്ട്രിക് ട്രെയിനുകൾ സർവീസ് തുടങ്ങിയതോടെ പാതയിൽ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷ.
ഇന്ത്യൻ റെയിൽവേയുടെ പുതുവത്സരസമ്മാനമായിട്ടാണ് ഷൊർണൂർ- നിലമ്പൂർ ലൈനിൽ ഇലക്ട്രിക് വണ്ടികൾ ഓടിത്തുടങ്ങിയത്. ഇലക്ട്രിക് എൻജിനുമായി ഗുഡ്സ് ട്രെയിൻ നടത്തിയ പരീക്ഷണഓട്ടം വിജയമായിരുന്നു.
അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിലേക്ക് ധാന്യങ്ങളുമായി 21 ബോഗികളുള്ള വണ്ടി രാവിലെ 10.20നാണ് അങ്ങാടിപ്പുറത്ത് എത്തിയത്. പരീക്ഷണഓട്ടം വിജയിച്ചതോടെ ഇന്നലെ മുതൽ എല്ലാ ട്രെയിനുകളും ഇലക്ട്രിക് ലോക്കോയുമായാണ് വരുന്നതും പോകുന്നതും. പാലക്കാട് നിന്നുള്ള ഇലക്ട്രിക് ലോക്കോ എക്സ്റ്റൻഷൻ ഉപയോഗിച്ചാണ് ഗുഡ്സ് ട്രെയിൻ അങ്ങാടിപ്പുറം വരെ എത്തിയത്.
മേലാറ്റൂരിലെ ട്രാക്്ഷൻ സബ് സ്റ്റേഷൻ തിങ്കളാഴ്ച ചാർജ് ചെയ്തതോടെ വൈദ്യുതീകരണത്തിന്റെ നടപടികൾ പൂർത്തിയായി. 66 കിലോമീറ്റർ പാതയും അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളുമടക്കം 70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളാണ് സ്ഥാപിച്ചത്. ഈ തൂണുകളിലൂടെ കാൻഡി ലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ സ്ഥാപിച്ചിട്ടുള്ളത്.
വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിലാണ് സ്വിച്ചിംഗ് സംവിധാനമുള്ളത്. ഏകദേശം 110 കോടിയാണ് ചെലവ്.
ഇനി ഒരു മണിക്കൂർ 10 മിനിറ്റിനകം ഷൊർണൂരിൽനിന്ന് നിലമ്പൂരെത്താം. ഇതുവരെ 1.35 മിനിറ്റായിരുന്നു സമയദൈർഘ്യം.
ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങിയാൽ പുതിയ സർവീസുകൾ വരുമെന്നാണ് പ്രതീക്ഷ.