പട്ടാമ്പിയിൽ പുതിയ പാലത്തിനു കരാറായി; നിർമാണം ഉടൻ തുടങ്ങും
1491764
Thursday, January 2, 2025 1:14 AM IST
ഷൊർണൂർ: പട്ടാമ്പിയിൽ പുതിയ പാലത്തിന്റെ കരാർ നടപടികൾ പൂർത്തീകരിച്ചു. പാലത്തിന്റെ നിർമാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നേരത്തേ ലഭിച്ചിരുന്നു.
ഭാരതപ്പുഴക്കു കുറുകെ പട്ടാമ്പി മണ്ഡലത്തെയും തൃത്താല മണ്ഡലത്തെയും ബന്ധിപ്പിക്കുന്നതാണ് പാലം. 52.57 കോടി രൂപയാണ് പാലം നിർമാണത്തിന് ലഭിച്ചിട്ടുള്ളത്.
അനുബന്ധ റോഡുൾപ്പെടെ 750 മീറ്റർ നീളത്തിലും 13.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണത്തിനുള്ള കരാർ ലഭിച്ചിരിക്കുന്നത് എആർഎസ് ജാസ്മിൻ കൺസ്ട്രക്്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ്. 24 മാസത്തെ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നിർമാണോദ്ഘാടനം നടത്തുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു. പട്ടാമ്പി പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥലം നഷ്ടമാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും എംഎൽഎ അറിയിച്ചു.
കഴിഞ്ഞ രണ്ട് പ്രളയത്തിന്റെ ഭാഗമായി പദ്ധതിയുടെ അപ്രൂവ് ചെയ്ത രൂപരേഖയിലടക്കം മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. പാലത്തിന്റെ കിഴക്കുവശത്തുകൂടെ റെയിൽവേ ലൈൻ പോകുന്നത് കൊണ്ടുതന്നെ ഒരുപരിധിയിലധികം ഉയരത്തിൽ പാലം നിർമാണം സാധ്യവുമായിരുന്നില്ല. രൂപരേഖയിൽ നിരവധിതവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. നിലവിൽ തൃശൂർ, മലപ്പുറം ജില്ലകളുടെ കവാടമായ പട്ടാമ്പിയിൽ കുപ്പിക്കഴുത്തായാണ് പട്ടാമ്പിപാലം നിൽക്കുന്നത്. 2018, 2019, 2024 വർഷങ്ങളിൽ പട്ടാമ്പി പാലം കവിഞ്ഞ് പുഴയൊഴുകിയിരുന്നു.
ഇതോടെ, ദിവസങ്ങളോളം പാലം അടച്ചിടേണ്ടിവന്നു. യാത്രക്കാർക്ക് പട്ടാമ്പി കടക്കാൻ ഷൊർണൂർ, തൃത്താല വഴി ചുറ്റിത്തിരിഞ്ഞ് പോകേണ്ടിവന്നിരുന്നു. പുതിയ പാലം വന്നാൽ പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.