കണ്ണംകുളത്തു വീടിനു തീപിടിച്ച് വൻ നാശനഷ്ടം
1491766
Thursday, January 2, 2025 1:14 AM IST
വടക്കഞ്ചേരി: കണ്ണംകുളത്ത് വീടിന് തീപിടിച്ച് ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം സർവതും കത്തിനശിച്ചു. കണ്ണംകുളം അറയ്ക്കൽ വീട്ടിൽ ജോബിയുടെ കോൺക്രീറ്റ് വീടിനാണ് കഴിഞ്ഞ അർധ രാത്രിയോടെ തീപിടിച്ചത്.
വീടിന്റെ ഹാളിൽനിന്നും ഷോർട്ട് സർക്യൂട്ട് വഴിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് ഉറക്കത്തിലായിരുന്ന ജോബിയും ഭാര്യ ജിഷയും മകൻ ജോഷ്വയും ഓടിപുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.
വീടിന്റെ ഹാളിലെ ഇലക്ട്രിക് സ്വിച്ച് ബോർഡുകൾ, വയറിംഗുകൾ, ഫാനുകൾ മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും രൂപക്കൂടും കത്തിനശിച്ചു. ഹാളിലെ ചുമരുകൾ, സീലിംഗ് എന്നിവ ചൂടായി വിള്ളൽ വഴി കൂടുതൽ സ്ഥലത്തേക്ക് തീ പടരുകയായിരുന്നു.
വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽനിന്നും രണ്ടു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടരലക്ഷത്തിൽപരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
സീനിയർ ഫയർ ഓഫീസർ അൻഷർ സാദത്ത്, ഓഫിസർമാരായ എൻ. നിധീഷ്, സി. സന്ദീപ്, പി.എം. രാജേഷ്, നിഖിൽ, അജീഷ്, നിഷാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് തീയണച്ചത്.