മാലിന്യസംഭരണിയിലെ മാലിന്യം റോഡിൽതള്ളിയിട്ട് വാനരക്കൂട്ടം
1492043
Friday, January 3, 2025 1:45 AM IST
നെല്ലിയാമ്പതി: ചുരംറോഡിലെ വ്യൂ പോയിന്റിനു സമീപം മാലിന്യശേഖരണത്തിനു സംഭരണികൾ സ്ഥാപിച്ചിട്ടും രക്ഷയില്ല. മാലിന്യം ചിതറിക്കിടക്കുന്നത് മാലിന്യസംഭരണിക്കു ചുറ്റും.
കുപ്പികൾ നിക്ഷേപിക്കാനുള്ള മാലിന്യ സംഭരണിയാണെങ്കിലും വിനോദസഞ്ചാരികൾ ഭക്ഷണ മാലിന്യങ്ങളും ഇതേ സംഭരണിയിലാണു തള്ളുന്നത്. സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്ന വാനരപ്പടയാണ് ഈ മാലിന്യ സംഭരണിയിൽനിന്നും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പുറത്തേക്ക് വലിച്ചുചിതറിയിടുന്നത്. പതിനാലാം മൈലിന് സമീപമുള്ള വ്യൂ പോയിന്റ് കെട്ടിടത്തിലേക്കും വാനരന്മാർ മാലിന്യം വലിച്ചെത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ വനം വാച്ചർമാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ കുരങ്ങന്മാർ മാലിന്യവും പ്ലാസ്റ്റിക്കും വലിച്ച് പുറത്തെടുക്കാതെ മാറ്റിയിരുന്നു.
ഇപ്പോൾ പകൽ വാനരന്മാരും രാത്രിയിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവ ഭക്ഷണാവശിഷ്ടങ്ങൾ തേടി സ്ഥിരമായി എത്തുകയും മാലിന്യം പ്രദേശത്താകെ ചിതറിയിടുകയും ചെയ്യുന്നു.
പരിസരമാകെ ദുർഗന്ധമയമായി മാറിക്കഴിഞ്ഞു. വനം, പഞ്ചായത്ത് അധികൃതർ അതാതുദിവസംതന്നെ മാലിന്യം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നു.
ഇടയ്ക്കിടെ സന്നദ്ധ സംഘടനകളും വനംജീവനക്കാരും പ്രദേശത്തുനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കാറുണ്ടെങ്കിലും കടലാസുകളും പ്ലാസ്റ്റിക് കവറുകളും വനമേഖലയിൽ ഉൾപ്പെടെ കാറ്റിൽ പറന്നു നടക്കുന്നത് നെല്ലിയാന്പതിയിലെ ദുരിതക്കാഴ്ചയായി മാറിയിട്ടുണ്ട്.