ജലവിതരണം തടസപ്പെട്ടതിൽ കർഷകർ ആശങ്കയിൽ
1491765
Thursday, January 2, 2025 1:14 AM IST
നെന്മാറ: പോത്തുണ്ടിഡാം ഷട്ടർ തകരാറിൽ. ജലവിതരണം തടസപ്പെട്ടു. മലമ്പുഴ മെക്കാനിക്കൽ ഡിവിഷൻ അധികൃതർ പരിശോധനയ്ക്കെത്തി. ഇടതുകര കനാലിലേക്കു വെള്ളം തുറക്കുന്ന ഷട്ടറിനാണ് കേടുപറ്റിയത്.
അയിലൂർ പഞ്ചായത്തിലേക്ക് പൂർണമായും നെന്മാറ, വണ്ടാഴി പഞ്ചായത്തുകളിലേക്ക് ഭാഗികമായും കൃഷിക്കുള്ള ജലവിതരണം ഇതുമൂലം തടസപ്പെട്ടു. ഡിസംബർ 23ന് അടച്ച് ഇടതുകര കനാലിലെ മൂന്നാംഘട്ട ജലവിതരണത്തിനായി 28ന് ഷട്ടർ തുറക്കാനുള്ള ശ്രമത്തിനിടെയാണു മുകൾഭാഗം ഷട്ടറിൽ നിന്ന് വേർപെട്ടുവന്നത്. 12 ദിവസത്തോളമായി ജലവിതരണം നിലച്ചതോടെ കൃഷിയിടങ്ങളിൽ വെള്ളം ഇല്ലാതായി ഉണക്ക ഭീഷണി നേരിടുന്നതായി കർഷകർ പരാതിപ്പെട്ടു.
വെള്ളത്തിനടിയിൽ കിടക്കുന്ന ഷട്ടറിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിന് പാലക്കാട് മെക്കാനിക്കൽ ഡിവിഷൻവിഭാഗം വ്യാഴാഴ്ച മുങ്ങൽവിദഗ്ധരെ എത്തിച്ചേക്കും.
എമർജൻസി ഷട്ടർ ഉപയോഗിച്ച് വെള്ളം ഒഴുക്ക് നിയന്ത്രിച്ച് കുടുങ്ങിക്കിടക്കുന്ന ഷട്ടർ ഉയർത്തിയെടുത്ത് കേടുപാടുകൾ തീർത്ത് ജലവിതരണം ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.