ടിപ്പുസുൽത്താൻ റോഡ് നവീകരണത്തിലെ അപാകത പരിശോധിക്കുമെന്നു എംഎൽഎ
1489073
Sunday, December 22, 2024 5:36 AM IST
മണ്ണാർക്കാട്: ടിപ്പുസുൽത്താൻ റോഡ് നിർമാണത്തിൽ പലയിടത്തും അപാകതയുണ്ടെന്ന നാട്ടുകാരുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാഞ്ഞിരപ്പുഴയിൽ വാടികാസ്മിതം പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് എംഎൽഎ പ്രതികരിച്ചത്. റോഡോരങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള കാര്യമാണ്. റോഡുനവീകരണം പൂർത്തിയാക്കിയത് കിഫ്ബി പദ്ധതി വഴിയാണ്. അതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് ഇനി കിഫ്ബിയിൽനിന്ന് ഫണ്ട് ലഭിക്കില്ല.
ഇതിന് മറ്റെന്തെങ്കിലും നടപടി ആലോചിക്കും. എംഎൽഎ ഫണ്ടിൽ നിന്ന് റോഡോരങ്ങളിൽ ലൈറ്റ് സ്ഥാപിക്കുന്നതിനു നടപടിയായിട്ടുണ്ട്.
സർവീസ് റോഡുകളുടെ കുത്തനെയുള്ള ഇറക്കം പരിഹരിക്കുന്നതിനു പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും എംഎൽഎ പറഞ്ഞു. റോഡ് നവീകരിച്ചത് യാത്ര സുഗമമാക്കാനാണ് അല്ലാതെ ദുഷ്കരമാക്കാനല്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
മന്ത്രിക്ക് കത്തുനൽകാൻ നഗരസഭാ കൗൺസിലിൽ തീരുമാനം
മണ്ണാർക്കാട്: മണ്ണാർക്കാട്- കോങ്ങാട് ടിപ്പുസുൽത്താൻ റോഡ് നവീകരണത്തിൽ വിവിധ സ്ഥലങ്ങളിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മുക്കണ്ണം മുണ്ടേക്കരാട് ഭാഗത്തെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതു നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയായി. നവീകരണത്തിനു ശേഷം റോഡ് ഉയർന്നതിനാൽ സർവീസ് റോഡിലേക്ക് കുത്തനെ ഇറങ്ങേണ്ട അവസ്ഥയുണ്ട്. കൂടാതെ പല ഭാഗത്തും റോഡിന്റെ ഓരത്ത് അഗാധമായ ഗർത്തമുണ്ട്.
റോഡിലെ മുഴുവൻ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചു നീക്കിയിട്ടുണ്ട് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വിഷയം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രിയെ നേരിട്ടറിയിക്കുവാനുമാണ് നഗരസഭാ കൗൺസിൽ തീരുമാനം.