നക്കപ്പതിയിൽ പുലിയുടെ ആക്രമണം: ആടിനെ കടിച്ചുകൊന്നു
1489062
Sunday, December 22, 2024 5:35 AM IST
അഗളി: അട്ടപ്പാടി നക്കപ്പതി പിരിവിൽ പുലി ആടിനെ കടിച്ചുകൊന്നു. ഊരിലെ നഞ്ചി- കരുമൻ ദമ്പതികളുടെ ആടിനെയാണ് പുലി പിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ വീട്ടു പരിസരത്തുനിന്നും ആണ് പുലിയാക്രമം ഉണ്ടായത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞമാസം നക്കപ്പതി ഊരിലെ ഗായിക നഞ്ചിയമ്മയുടെ നാൽക്കാലികൾ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നഞ്ചിയമ്മയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചേർന്ന് വനം വകുപ്പ് അധികാരികളെ നേരിൽ കണ്ട് പരാതിനൽകിയിരുന്നെങ്കിലും ശാശ്വതപരിഹാരമുണ്ടായില്ല.
ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്ത് രാത്രി ബൈക്ക് യാത്രികരുടെ മുമ്പിലേക്ക് പുലി ചാടിവീണത് ഭീതി പരത്തിയിരുന്നു. ഇതേ തുടർന്ന് പുതൂരിൽ നിന്നും വനം അധികൃതർ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു. അഗളി സർക്കാർ ആശുപത്രിക്ക് പിൻഭാഗങ്ങളിലും നരസിമുക്ക് പ്രദേശത്തും ശല്യം അതി രൂക്ഷമായിട്ടുണ്ട്. നിരവധി നാൽക്കാലികൾ ഇവിടെ പുലിയാക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. ശല്യക്കാരായ പുലികളെ പിടികൂടി കർഷകർക്കു സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുതൂരിൽ നിന്നും ആർ ആർ ടി വിഭാഗം ഇന്നലെ നക്കപ്പതി പിരിവിൽ എത്തി പുലിയുടെ സാന്നിധ്യം പരിശോധിച്ചു മടങ്ങി.