ഓൺലൈൻ തട്ടിപ്പിനെതിരേ പോലീസിന്റെ ജാഗ്രതാ നിർദേശം
1489064
Sunday, December 22, 2024 5:35 AM IST
ഒറ്റപ്പാലം: ഓൺലൈൻതട്ടിപ്പിനെതിരേ ജാഗ്രത പാലിക്കാൻ പോലീസ് നിർദേശം, മൊബൈൽ ഫോണുകൾവഴി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിത്തുടങ്ങി. ഫോൺവിളികൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് അരങ്ങേറുന്നത്.
ഇക്കാര്യം മുന്നിൽ കണ്ട് ഫോൺ ചെയ്യുമ്പോൾ റിംങ് ആവുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാൾക്ക് മതിയായ അവബോധം നൽകുന്ന സന്ദേശങ്ങളാണ് അഭ്യന്തര വകുപ്പ് മന്ത്രാലയം പുറപ്പെടുവിക്കുന്നത്. തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള കേന്ദ്രസർക്കാരിന്റെ സഞ്ചാർസാഥി പോർട്ടലിലെ ചക്ഷുസംവിധാനവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ നടപടികളായിട്ടുണ്ട്. എന്നാൽ ഈ സംവിധാനം കേരളത്തിൽ ഉപയോഗപ്പെടുത്തുന്നത് വളരെ കുറച്ചു പേർ മാത്രമാണെന്നാണ് സൂചന. ആകെ 1,884 പരാതികൾ മാത്രമാണ് സംസ്ഥാനത്തുനിന്ന് ഇതുവരെ ചക്ഷുവിലെത്തിയിട്ടുള്ളത്.
ഇതിൽ 265 എണ്ണത്തിൽ നടപടി പൂർത്തിയായി. രാജ്യത്താകെ 1.04 ലക്ഷം പരാതികളിൽ നടപടി സ്വീകരിച്ചപ്പോഴാണിത്. ആന്ധ്രപ്രദേശിൽ 20,782 പരാതികളിലാണ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുള്ളത്. യു.പി.യിൽ 20,000ത്തിലേറെ പരാതികൾ പരിഹരിച്ചുകഴിഞ്ഞു.
മറ്റിടങ്ങളിൽ നിന്നും ശരാശരി നാലായിരത്തോളം പരാതികൾ എത്തിയിട്ടുണ്ട്. രാജ്യത്താകെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2,809 മൊബൈൽഫോണുകൾ ചക്ഷുസംവിധാനത്തിലൂടെ ബ്ലോക്ക് ചെയ്തു. ഇത്തരം സംവിധാനത്തെപ്പറ്റി കൃത്യമായ അറിവില്ലാത്തതാകും പരാതികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ പരാതികൾ ചക്ഷുവിൽ രജിസ്റ്റർചെയ്യാൻ പോലീസ് തന്നെ നിർദേശിക്കുന്നുണ്ട്. ഇതിനുശേഷമാണ് മറ്റ് നടപടികളിലേക്ക് പോലീസും കടക്കുന്നത്.
നഗരസഭാ കൗൺസിലറുടെ വാട്സാപ് ഹാക്ക് ചെയ്തു തട്ടിപ്പിനു ശ്രമം
ഷൊർണൂർ: നഗരസഭാ കൗൺസിലറുടെ വാട്സ്ആപ് ഹാക്ക് ചെയ്ത് തട്ടിപ്പിനു ശ്രമം. നഗരസഭയിലെ പതിമൂന്നാം വാർഡ് ചുടുവാലത്തൂർ കൗൺസിലറും ബിജെപി ഷൊർണൂർ മണ്ഡലം സെക്രട്ടറിയുമായ കെ. പ്രസാദിന്റെ ബിസിനസ് വാട്സ്ആപ് അക്കൗണ്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തട്ടിപ്പിന് ശ്രമം നടത്തിയത്.
ഇദ്ദേഹം ഉൾപ്പെട്ടിട്ടുള്ള വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേരുകൾ ഹാക്ക് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരി ലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. എസ് ബി ഐ അക്കൗണ്ടിന്റെ കെവൈസി പുതുക്കുന്നതിന് ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട് എന്ന രീതിയിലുള്ള നിരവധി സന്ദേശങ്ങൾ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ അയച്ചതായി കാണപ്പെടുന്നതായി പ്രസാദ് പറഞ്ഞു. ഷൊർണൂർ പോലീസിൽ പരാതി നൽകി.