ഒറ്റപ്പാലത്ത് ഡ്രൈവിംഗ് ടെസ്റ്റ് താളംതെറ്റി; അപേക്ഷകൾ കുന്നുകൂടുന്നു; നട്ടംതിരിഞ്ഞ് ഉദ്യോഗസ്ഥർ
1488779
Saturday, December 21, 2024 4:24 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം ജോയിന്റ് ആർടിഒ ഓഫീസിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകൾ കുമിഞ്ഞുകൂടി. മൂവായിരത്തിലേറെ അപേക്ഷകളാണ് ഓഫീസിൽ കെട്ടികിടക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റുകൾ സൂക്ഷ്മമായി മാറാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടു ഗതാഗത വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിനു പിന്നാലെ തുടങ്ങിയ പ്രതിസന്ധിയാണിത്.
ഓരോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഉൾപ്പെട്ടസംഘം ദിവസവും പരമാവധി 40 ടെസ്റ്റുകളാണു നടത്തുന്നത്.
നിലവിൽ ഒറ്റപ്പാലത്ത് ഉദ്യോഗസ്ഥരെ രണ്ടുബാച്ചുകളാക്കി തിരിച്ചു പ്രതിദിനം 80 ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാകാത്ത സാഹചര്യമാണുള്ളത്.
സർക്കുലർ പുറത്തിറങ്ങും മുമ്പ് പ്രതിദിനം 120 ടെസ്റ്റുകളാണ് ഒറ്റപ്പാലത്തു നടന്നിരുന്നത്. ഇക്കാലത്ത് ഒരുപരിധിവരെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ എട്ടുമാസത്തോളമായി ടെസ്റ്റിന് അവസരം കാത്തുകഴിയുന്നവർ ഉൾപ്പെടെ കൂട്ടത്തിലുണ്ട്.
ജോലിക്കും മറ്റുമായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകേണ്ടവർ പോലും ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാനും ലൈസൻസ് ലഭിക്കാനുമുള്ള കാത്തിരിപ്പിലാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പാലപ്പുറം ചിനക്കത്തൂർക്കാവ് മൈതാനിയിലാണു ടെസ്റ്റുകൾ നടക്കുന്നത്.
എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പോലും താത്കാലികമായി ഇവിടെ നിയോഗിച്ച് നോക്കിയിട്ടും ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി മറിടകടക്കാനാകുന്നില്ല.
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഉള്ള ദിവസങ്ങളിൽ ഒരു എംവിഐയെയും എഎംവിഐയെയും ഇതിനു നിയോഗിക്കുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് എൺപതിൽനിന്നു നാല്പതായി കുറയുന്ന സാഹചര്യം ഒഴിവാക്കാനാണു ബദൽ സംവിധാനം. ഊഴം കാത്തു കഴിയുന്നവരുടെ എണ്ണം വർധിച്ചതോടെയാണു പാലക്കാട്ടെ സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഡ്രൈവിംഗ് ടെസ്റ്റ് ഡ്യൂട്ടിക്കു പ്രയോജനപ്പെടുത്തുന്നത്. നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകളധികൃതരും ടെസ്റ്റിന് കാത്തിരിക്കുന്നവരും തമ്മിൽ കശപിശകളുണ്ടാകുന്നതും പതിവായി തീർന്നിരിക്കുകയാണ്. ടെസ്റ്റുകൾക്ക് അവസരം ലഭിക്കാത്തതാണ് പ്രശ്നത്തിനു കാരണം.