ജെസിഐ സ്നേഹവീടിന്റെ താക്കോൽ കൈമാറി
1489063
Sunday, December 22, 2024 5:35 AM IST
പാലക്കാട്: ജെസിഐ ഇന്ത്യ പാലക്കാട് ഘടകം എംഎ പ്ലൈ എൻജിഒ വെണ്ണക്കരയിലെ മിലാകുദ്ധിൻ നഗറിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫ് കൈമാറി.
മനുഷ്യന്റെ നോവും നൊന്പരങ്ങളും തിരിച്ചറിയുന്ന പ്രസ്ഥാനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്ക് ഉദാഹരണമാണ് ഈ സ്നേഹവീട് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഎഫ്ഒ പറഞ്ഞു.
ജെസിഐ ഇന്ത്യ ദേശീയ കോ-ഓർഡിനേറ്റർ ഹിതേഷ് ജെയിൻ വിശിഷ്ടാതിഥിയായിരുന്നു. സന്നദ്ധ സംഘടനയായ എംഎ പ്ലൈ ഫൗണ്ടേഷന്റെ പിന്തുണയോടെ നിർമിച്ച വീട് എട്ടു മാസങ്ങൾ കൊണ്ടാണ് പൂർത്തീകരിച്ചത്. ഭൂമി ഉണ്ടായിട്ടും വീട് നിർമിക്കാൻ പ്രയാസപ്പെട്ടിരുന്ന രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന ജെ. ഫിറോസിന്റെ കുടുംബത്തിനാണ് ജെസിഐ യുടെ സ്നേഹവീട് സമ്മാനിച്ചത്.
വീടിന്റെ നിർമാണചുമതല വഹിച്ചത് പ്രൊജക്റ്റ് ഡയറക്ടർ ആർ. രഞ്ജിത്താണ്. ചടങ്ങിൽ എംഎ പ്ലൈ എൻജിഒ പ്രസിഡന്റ് എ. സമീറ അധ്യക്ഷത വഹിച്ചു. മേഖല ഓഫീസർ ഡോ. പി. പ്രശാന്ത്, ഫൗണ്ടർ നിഖിൽ കൊടിയത്തൂർ, പ്രോജക്ട് ഡയറക്ടർ ആർ. രഞ്ജിത്ത്, പ്രസിഡന്റ് ഇലക്ട് ഡോ. സനു നാരായണൻ, സെക്രട്ടറി ഇലക്ട് ഷാസീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.