മുതലമടയിൽ കാലംതെറ്റി പെയ്ത മഴയിൽ മാവുകളിൽ പൂ കൊഴിഞ്ഞു
1488512
Friday, December 20, 2024 5:07 AM IST
കൊല്ലങ്കോട്: മുതലമട, കൊല്ലങ്കോട് മേഖലയിൽ അപ്രതീക്ഷിതമായി പെയ്തമഴയിൽ മാവിന്റെ പൂകൊഴിഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. നവംബറിൽ മാവുകൾ നല്ലരീതിയിൽ പൂവിടുകയും തുടർന്ന് കണ്ണിമാങ്ങ ഉണ്ടായതോടെ ഇത്തവണയെങ്കിലും അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
കഴിഞ്ഞ രണ്ടുവർഷവും മാവ് കർഷകർക്ക് വിളവ് ലഭിക്കാതെ കനത്ത സാമ്പത്തികനഷ്ടം അനുഭവിക്കേണ്ടതായി വന്നിരുന്നു. പല മാങ്ങാവ്യാപാരികളും വിളവെടുപ്പിനു മുന്പ് തന്നെ തോട്ടം ഉടമകൾക്ക് മുൻകൂർ പണം നൽകിയിരുന്നു.
വിപണിയിലെ മത്സരം മൂലമാണ് വ്യാപാരികൾ മുൻകൂർ പണം നൽകി മാവുകൾ പാട്ടത്തിനെടുത്തത്. ഇവർക്കും ഫലത്തിൽ നഷ്ടക്കച്ചവടം തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ മാവുകളിൽ ആവശ്യത്തിനു പൂവിടുകയും കണ്ണിമാങ്ങകളും ഉണ്ടായതിലും കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ഇതിനിടെ 2023 വർഷത്തെ മാവുകൃഷിനാശത്തിന് ഇൻഷ്വറൻസ് പരിരക്ഷക്ക് അപേക്ഷ നൽകിയവർക്കു 2024 കഴിയാറായിട്ടും തുക ലഭിച്ചില്ലെന്ന ആരോപണവും കർഷകർക്കുണ്ട്. അടിയന്തരമായി അർഹതപ്പെട്ട നഷ്ടപരിഹാരതുക കർഷകർക്ക് നൽകാൻ കൃഷിവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നതും മാവുകർഷകരുടെ ആവശ്യമാണ്.