കൊന്നക്കൽക്കടവിൽ റബർപുകപ്പുരയ്ക്ക് തീപിടിച്ച് വൻ നഷ്ടം
1489066
Sunday, December 22, 2024 5:35 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷനു സമീപം പതിനാലാം ബ്ലോക്കിൽ റബർ പുകപുരയ്ക്ക് തീപിടിച്ച് വൻ നഷ്ടം. വെട്ടുകല്ലാംകുഴി ബെന്നിയുടെ തോട്ടത്തിലെ പുകപ്പുരയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് തീ പിടിച്ചത്. ടാപ്പിംഗ് കഴിഞ്ഞ് ഷീറ്റടിച്ച് ഷീറ്റ് ഉണക്കാനിട്ട് ബെന്നി വീട്ടിലേക്ക് വന്ന സമയത്തായിരുന്നു സംഭവം.
ഷീറ്റ് താഴെവീണ് തീ പടർന്നതാകാമെന്നാണ് സംശയം. 300 കിലോ ഷീറ്റ് ഉണ്ടായിരുന്നു. പുകപ്പുരയും സമീപത്തെ ഷെഡും പൂർണമായും കത്തി നശിച്ചു. മര സാമഗ്രികളെല്ലാം അഗ്നിക്കിരയായി. ചുമരുകളും വിണ്ടു കീറി. ചൂടിൽ ഓടുകൾ പൊട്ടിത്തെറിച്ചിരുന്നതിനാൽ സമീപത്തേക്ക് അടുക്കാനും കഴിഞ്ഞിരുന്നില്ല. വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.അപ്പോഴെക്കും എല്ലാം കത്തിനശിച്ചിരുന്നു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ബെന്നി പറഞ്ഞു.