സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ
1489049
Sunday, December 22, 2024 5:35 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി ഗവ.യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ അതിക്രമിച്ചുകയറി പ്രാധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു.
സംഘപരിവാർ പ്രവർത്തകരായ നല്ലേപ്പിളി വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരാണ് അറസ്റ്റിലായത്.
കൃത്യനിർവഹണം തടസപ്പെടുത്തൽ, മതസ്പർധ വളർത്തുന്ന രീതിയിൽ അസഭ്യം പറയൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തിയതുൾപ്പടെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. സ്കൂൾ പ്രധാനാധ്യാപികയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് സംഭവം. നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ അർധവാർഷിക പരീക്ഷ കഴിഞ്ഞു ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് സംഘപരിവാർ പ്രവർത്തകരുടെ അധിക്ഷേപവും പ്രധാനാധ്യാപിയേയും, അധ്യാപകരെയും അസഭ്യവർഷം നടത്തുകയും വസ്ത്രധാരണത്തെ ചോദ്യം ചെയുകയും ചെയ്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു അതിക്രമിച്ചു കയറിയവരുടെ നിലപാട്.