വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: കിഫ
1488514
Friday, December 20, 2024 5:07 AM IST
പാലക്കാട്: കോതമംഗലത്തും വയനാട്ടിലും പാലക്കാട് ജില്ലയിൽ നിന്നുള്ളവർ മരണപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളിൽ ഇരകളായവർക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണമെന്ന് പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ കിഫ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കഞ്ചിക്കോട് സ്വദേശിയും കോതമംഗലത്ത് വിദ്യാർഥിയുമായ ആൻ മേരി കോതമംഗലത്ത് ആന തള്ളിയിട്ട പനവീണ് മരണമടയുകയും ചൂലന്നൂർ സ്വദേശിയും റിസോർട്ട് ജീവനക്കാരനുമായ സതീഷിന് വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നാമമാത്രമായ നഷ്ടപരിഹാരത്തിന് പകരം മോട്ടോർ ആക്സിഡന്റിൽ കണക്കാക്കുന്ന രീതിയിലുള്ള നഷ്ടപരിഹാരം കൊടുക്കണം എന്നും ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്യജീവി ശല്യത്തിൽ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും വളർത്തുമൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. മലയോരമേഖലകളിൽ ജനങ്ങൾ ഭീതിയിലാണ്. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ പരിപാലിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്. കർഷകന്റെ ഭൂമിയിലെ അടിക്കാട് വെട്ടാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന അധികാരികളുടെ നിലപാട് അവരുടെ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് കാണിക്കുന്നതെന്നും യോഗം വിലയിരുത്തി. എം. അബ്ബാസ്, ഡോ. സിബി സക്കറിയാസ്, സോണി പ്ലാത്തോട്ടം, ദിനേശ് ചൂലന്നൂർ, സി.കെ. രമേശ്, ജോമി മാളിയേക്കൽ, ജോഷി പാലക്കുഴി, സോമൻ കൊന്പനാൽ, സോണി എന്നിവർ പ്രസംഗിച്ചു.