വടക്കഞ്ചേരി ഗ്രാമംവാർഡ് ഗ്രാമസഭ ബഹിഷ്കരിച്ചു നാട്ടുകാർ
1488776
Saturday, December 21, 2024 4:24 AM IST
വടക്കഞ്ചേരി: ഉറപ്പുകൾ കാറ്റിൽപറത്തി റോഡുനന്നാക്കാൻ പോകുന്നതിൽ പ്രതിഷേധിച്ച് ഗ്രാമസഭായോഗം ബഹിഷ്കരിച്ച് നാട്ടുകാർ.
വടക്കഞ്ചേരി ടൗണിൽനിന്നും തുടങ്ങുന്ന ഗ്രാമംറോഡിന്റെ റീ ടാറിംഗ് വർക്കുകൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാഷ്ട്രീയനിറവ്യത്യാസമില്ലാതെ നാട്ടുകാർ ഒന്നടങ്കം ഗ്രാമസഭ ബഹിഷ്കരിച്ചത്.
ഇന്നലെ വൈകുന്നേരം എടത്തിലെ സ്കൂളിലായിരുന്നു യോഗം. ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ റോഡ് വിഷയം ഉന്നയിച്ചു. എന്നാൽ പഞ്ചായത്ത് അധികാരികളിൽ നിന്നും പതിവു ഉറപ്പുകളും വിശദീകരണങ്ങളും തുടങ്ങിയപ്പോൾ വാക്കുതർക്കങ്ങളും ബഹളവുമായി അജണ്ടകളിലേക്ക് കടക്കാതെ യോഗം പിരിയുകയായിരുന്നു.
പതിവില്ലാത്ത വിധം ജനങ്ങളുടെ വലിയ പങ്കാളിത്തവും യോഗത്തിലുണ്ടായി. റോഡ് ഗതാഗത യോഗ്യമാക്കിയതിനുശേഷം മതി ഗ്രാമസഭയെന്നും ആദ്യം വാക്കു പാലിക്കണമെന്നും എന്ന നിലപാടിൽ യോഗത്തിനെത്തിയവർ ഉറച്ചുനിന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസൈനാർ, വാർഡ് മെംബർ സി. മുത്തു, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിനെത്തിയിരുന്നത്. വാർഡ് മെംബർ കോൺഗ്രസിന്റേതായതു
കൊണ്ടാണ് വാർഡിനോട് പഞ്ചായത്തിന് ഇത്ര അവഗണന എന്ന ആക്ഷേപം ശക്തമായി ഉയർന്നു. എട്ടു വർഷത്തോളമായി ഗ്രാമം റോഡ് ടാറിംഗ് നടത്തിയിട്ടില്ല. തൊട്ടുരുമ്മി വീടുകളുള്ള റോഡിൽ ചാലും റോഡും തിരിച്ചറിയാനാകാത്ത വിധം തകർന്നിട്ടും ഇപ്പോഴും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പറ്റിക്കൽ നടക്കില്ലെന്നു നാട്ടുകാരുടെ പ്രതിനിധികൾ ഉന്നയിച്ചു.
ജനുവരിയിൽ ടാറിംഗ് തുടങ്ങി ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നാണ് ഒടുവിൽ പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഉറപ്പുകൾ പാലിക്കപ്പെടാത്തതിനാൽ റോഡ് നന്നാക്കിയതിനു ശേഷം മതി ഇനി ഗ്രാമസഭാ യോഗം എന്ന തീരുമാനത്തിലാണ് നാട്ടുകാർ. യോഗത്തിൽ നാട്ടുകാരുടെ പ്രതിനിധികളായി വിവിആർ. സ്വാമി, വെങ്കിട്ടനാരായണൻ, പി. കെ. ഗുരു, കുട്ടൻ, രഘു, രവിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.