വിസ്മൃതിയിലേക്കോ ഒറ്റപ്പാലം നഗരസഭാ മാസ്റ്റർപ്ലാൻ?
1488511
Friday, December 20, 2024 5:07 AM IST
ഒറ്റപ്പാലം: നഗരസഭാ മാസ്റ്റർപ്ലാൻ പദ്ധതി അധികൃതർ മറന്നുവോയെന്നു നാട്ടുകാരുടെ ചോദ്യം. നഗരവികസനം ലക്ഷ്യമിട്ടു നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ് വിസ്മൃതിയിലായത്.
മാസ്റ്റർപ്ലാനിൽ നിർദേശിച്ച പ്രകാരം, പാലക്കാട്-കുളപ്പുള്ളി പാതയുടെ ഒറ്റപ്പാലം ടൗണിത്തിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ വീതി കൂട്ടേണ്ടെന്നതടക്കമുള്ള വിവാദ തീരുമാനങ്ങളും ഉണ്ടായിരുന്നു.
മാസ്റ്റർപ്ലാനിൽ നിർദേശിച്ച 36 മീറ്റർ വീതിക്കുപകരം 22 മീറ്റർമാത്രം വീതി മതിയെന്നായിരുന്നു കൗൺസിലിന്റെ ശിപാർശ. മാസ്റ്റർപ്ലാനിലെ പദ്ധതികളെപ്പറ്റി പൊതുജനങ്ങൾ സമർപ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്താണ് കൗൺസിൽ വീതിയുമായി ബന്ധപ്പെട്ട് അന്ന്തീരുമാനമെടുത്തത്. നിലവിൽ 12 മീറ്ററാണ് ഒറ്റപ്പാലംപട്ടണത്തിൽ പാലക്കാട്- കുളപ്പുള്ളി പാതയുടെ വീതി.
22 മീറ്റർ വീതിയാക്കിയാൽത്തന്നെ സ്ഥലമേറ്റെടുക്കണം. ഇത് 36 മീറ്ററാക്കുമ്പോൾ സ്ഥലമേറ്റെടുപ്പ് കൂടുതൽ പൊതുജനങ്ങളെ ബാധിക്കുമെന്നതിനാലാണ് വീതി കുറയ്ക്കാൻ തീരുമാനിച്ചത്. മാസ്റ്റർപ്ലാനിൽ 63 പേരായിരുന്നു ആക്ഷേപങ്ങളും അഭിപ്രായങ്ങളും നഗരസഭയെ അറിയിച്ചത്.
അതിൽ ഭൂരിഭാഗവും റോഡ് വീതികൂട്ടുമ്പോൾ സ്ഥലം നഷ്ടമാകുന്നതിനെതിരെയാണ് ആക്ഷേപമുന്നയിച്ചത്.
പാലക്കാട്- കുളപ്പുള്ളി പാതയ്ക്ക് പുറമേ ഒറ്റപ്പാലം- ചെർപ്പുളശ്ശേരി റോഡിനും ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിനും 27 മീറ്റർ വീതിവേണ്ടെന്നും 15 മീറ്റർ മതിയെന്നും ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചിരുന്നു.
മറ്റുചില റോഡുകളും ഇത്തരത്തിൽ വീതി കുറയ്ക്കാൻ തീരുമാനിച്ചിരുന്നതാണ്. 20 വർഷത്തിനിടെ നടപ്പാക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു മാസ്റ്റർപ്ലാൻ ഒരുക്കിയത്.
എന്നാൽ തുടർന്ന് ഇതിനു തുടർനടപടികളെല്ലാം അധികൃതതരും, നഗരസഭയും മറന്ന അവസ്ഥയാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൗൺസിലിന്റെ പ്രത്യേകസമിതി പരിഗണിച്ച ശേഷമാണ് കൗൺസിൽയോഗത്തിലേക്ക് എത്തിച്ചിരുന്നത്. കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിക്കയും അംഗീകാരം നേടുകയും വേണം. എന്നാൽ തുടർ നടപടിക്രമങ്ങൾ അനുവർത്തിക്കുന്നതിൽ ഒറ്റപ്പാലം നഗരസഭ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നു വിമർശനമുണ്ട്.